കരുവാരകുണ്ട് (മലപ്പുറം): മലപ്പുറം-പാലക്കാട് മലയോര പാതയായ വട്ടമലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. പാലക്കാട് മങ്കരയിലെ മാങ്കുറുശ്ശി വിജയകുമാറാണ് (56) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയും മകനും പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. മൂത്രക്കല്ലിന് ഒറ്റമൂലി ചികിത്സകനെ കാണാൻ കരുവാരകുണ്ട് തരിശിലേക്ക് കുടുംബസമേതം വരികയായിരുന്നു. വിജയകുമാർ തന്നെയായിരുന്നു വാഹനം ഓടിച്ചത്. വട്ടമല ഇറക്കത്തിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോ 30 അടിയോളം താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. കീഴ്മേൽ മറിഞ്ഞ ഓട്ടോ പൂർണമായി തകർന്നു. വിജയകുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യ രാജലക്ഷ്മി, മകൻ അമൃതാനന്ദൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇരുട്ടായതിനാൽ വിവരം പുറത്തറിയാൻ വൈകിയിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ഇ. കുഞ്ഞാണിയുടെ നേതൃത്വത്തിൽ പുൽവെട്ടയിൽനിന്ന് എത്തിയവരാണ് ഇവരെ ആംബുലൻസിൽ മഞ്ചേരിയിലെത്തിച്ചത്. പുലർച്ചെ ആറു മണിക്ക് തന്നെ മരുന്ന് കഴിക്കേണ്ടതിനാലാണ് ഇവർ നേരത്തെ പുറപ്പെട്ടത്. വട്ടമല ഇറക്കവും അതിലെ വളവും പരിചയമില്ലാത്തവരെ പലതവണ അപകടത്തിൽ പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.