തിരുവനന്തപുരം: സർവകലാശാല പരീക്ഷകളിൽ തിയറിക്കും ആന്തരിക മൂല്യനിർണയത്തിനുമുള്ള (ഇന്റേണൽ അസസ്മെന്റ്) മാർക്ക് അനുപാതം 60:40 ആക്കുന്നത് വിശദ ചർച്ചക്കുശേഷം മാത്രം മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാനം. മുന്നൊരുക്കവും കൂടിയാലോചനയുമില്ലാതെ അനുപാതം മാറ്റുന്നത് വിപരീത ഫലം ചെയ്തേക്കുമെന്ന വിലയിരുത്തലിലാണിത്. പരീക്ഷ പരിഷ്കരണ കമീഷന്റെ സുപ്രധാന ശിപാർശകളിലൊന്നായിരുന്നു 80:20 അനുപാതം 60:40 ആക്കുന്നത്.
കമീഷൻ കഴിഞ്ഞ ദിവസം സർക്കാറിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇടക്കാല റിപ്പോർട്ടിലും മാർക്ക് അനുപാതം ശിപാർശയായി നൽകിയിരുന്നു.
വിദ്യാർഥി സംഘടനകൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവും വ്യക്തമാക്കി. പഠന നേട്ടം ഉറപ്പാക്കുന്ന രീതിയിൽ (ഔട്ട്കം ബേസ്ഡ്) പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും ഇതിനനുസൃതമായി മൂല്യനിർണയ രീതിയിലും മാറ്റം വേണമെന്നുമായിരുന്നു കമീഷൻ ശിപാർശ. ഇന്റേണൽ അസസ്മെന്റ് പരാതികൾ പരിഹരിക്കാൻ പഠനവകുപ്പ്, കോളജ്, സർവകലാശാല എന്നിങ്ങനെ ത്രിതല സംവിധാനമൊരുക്കാനും ശിപാർശ ചെയ്തിരുന്നു. അക്കാദമിക/പരീക്ഷ/ആസൂത്രണ/സാമ്പത്തിക/ഭരണപരമായ വിഭാഗങ്ങൾ പൂർണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിച്ച് നടപ്പാക്കാൻ ശിപാർശ ചെയ്ത എന്റർപ്രൈസസ് റിസോഴ്സ് പ്ലാനിങ് (ഇ.ആർ.പി) മുഴുവൻ സർവകലാശാലകളിലും കൊണ്ടുവരാൻ യോഗം തീരുമാനിച്ചു. ഇതിന് സർവകലാശാലകളിൽ ഇ-ഗവേണൻസ് സെന്റർ ആരംഭിക്കണം.
കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ/ കോളജുകൾക്ക് സ്വയംഭരണാവകാശം നൽകുന്നത് പരിഗണിക്കണമെന്നും യോഗം നിർദേശിച്ചു. ഒരുമിച്ച് സ്വയംഭരണാവകാശം നൽകാൻ കഴിയുന്ന സാഹചര്യമല്ലാത്തതിനാൽ ഘട്ടംഘട്ടമായാകും നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.