ന്യൂഡൽഹി: പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് പാർട്ടിവിട്ടത് സംബന്ധിച്ച് പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. പാലക്കാട്ടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ഗോപിനാഥിന്‍റെ തീരുമാനമെന്ന് കെ. സുധാകരൻ പറഞ്ഞു.
ഇക്കാര്യം എന്നോട് അദ്ദേഹം ചർച്ച ചെയ്തിരുന്നു. താനും ഗോപിനാഥും തമ്മിലുള്ള ബന്ധം അതിശക്തമാണ്. എന്നെ കൈവെടിയാൻ ഗോപിനാഥിന് സാധിക്കില്ല -സുധാകരൻ പറഞ്ഞു.
ഗോപിനാഥ് പാർട്ടിവിട്ടു പോകില്ലെന്ന വിശ്വാസത്തിലാണ്. അദ്ദേഹത്തെ പാർട്ടിയുമായി സഹകരിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് പാർട്ടി വിട്ടത്. പാർട്ടി വിടുന്നതിന്‍റെ ഭാഗമായി അദ്ദേഹം കോൺഗ്രസ് പ്രാഥമിക അംഗത്വം രാവിലെ രാജിവെച്ചു.
മുൻ ആലത്തൂർ എം.എൽ.എയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മുൻ ഡി.സി.സി അധ്യക്ഷൻ കൂടിയായിരുന്ന അദ്ദേഹം, നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.