കൊച്ചി: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതി അഡ്വ. സി.പി. ഉദയഭാനു ഹൈകോടതിയിൽ ജാമ്യഹരജി നൽകി. നവംബർ ഒന്നിന് അറസ്റ്റിലായശേഷം തെളിവെടുപ്പ് പൂർത്തിയാക്കിയെന്നും ഇനിയും തടവിൽ കഴിയേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഉദയഭാനുവിനെ ഏഴാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. എന്നാൽ, തനിക്കെതിരെ കൊലക്കുറ്റം ചുമത്താൻ തക്ക വസ്തുതകളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്നും അനാവശ്യമായി തന്നെ പ്രതിചേർത്തതാണെന്നും ഹരജിയിൽ പറയുന്നു.
രാജീവ് വധം: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
രാജീവ് വധക്കേസിലെ അഞ്ചാം പ്രതി ചക്കര ജോണി, ആറാം പ്രതി ഡ്രൈവർ രഞ്ജിത്ത് എന്നിവരുടെ ജാമ്യഹരജികൾ ൈഹകോടതി തള്ളി. ചക്കര ജോണിയുടെ നിർദേശപ്രകാരമാണ് ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ രാജീവിനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്. പണമിടപാട് സംബന്ധിച്ച ചില രേഖകളില്‍ രാജീവിനെക്കൊണ്ട് ഒപ്പിടീക്കാൻ മാത്രമേ ആദ്യ നാലുപ്രതികളോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്നും കൊല നടത്താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ജോണിയുടെ വാദം. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് രഞ്ജിത്തും കോടതിയിൽ അറിയിച്ചത്. ജോണിയുടെ ഡ്രൈവര്‍ മാത്രമാണെന്നും കേസിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നുമായിരുന്നു രഞ്ജിത്തിെൻറ വാദം. എന്നാൽ, കേസിലെ നിർണായകപ്രതികളായ ഇരുവർക്കും ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.