തിരുവനന്തപുരം: നിയമസഭ പാസായ പൊതുജനാരോഗ്യ ബില്ലിനെതിരെ ഗവർണറെ സമീപിക്കാനൊരുങ്ങി ആയുർവേദ ഡോക്ടർമാർ. ബില്ലിൽ ആയുഷ് - ആയുർവേദ വിഭാഗങ്ങളെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കിനെയും സമീപിക്കാനാണ് തീരുമാനം.
ഇതര ചികിത്സാ വിഭാഗങ്ങളെക്കൂടി കണക്കിലെടുത്ത് ബില്ലിന്റെ ഘടനയിൽ സമഗ്രമായ മാറ്റം വേണമെന്നാണ് ആവശ്യം. അലോപ്പതി ഒഴികെയുള്ള വൈദ്യശാസ്ത്ര വിഭാഗങ്ങളെ പൊതുജനാരോഗ്യ ബില്ലിൽ പൂർണമായി അവഗണിച്ചുവെന്നതാണ് ആയുർവേദ ഡോക്ടർമരുടെ നിലപാട്.
പുതിയ ബില്ല് പ്രകാരം രൂപീകരിക്കുന്ന സംസ്ഥാന പൊതുജനാരോഗ്യ സമിതിയിൽ ആയുഷ് സെക്രട്ടറിയെ ഉൾപ്പെടുത്തിയിട്ടില്ല. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും ഒഴിവാക്കി. ജില്ലാ പൊതുജനാരോഗ്യ സമിതികളിൽ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുണ്ടെങ്കിലും സർക്കാർ ആയുർവേദ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരില്ല. പൊതുജനാരോഗ്യരംഗത്ത് വിവിധ വെദ്യശാസ്ത്ര ശാഖകളുടെ സമന്വയം ബില്ല് ഇല്ലാതാക്കുമെന്നാണ് പ്രധാന പ്രശ്നമായി ആയുർവേദ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
പ്രാദേശിക സമിതികളിൽ അധികാരം പൂർണമായും പബ്ലിക് ഹെൽത്ത് അതോറിറ്റിയെന്ന നിലയിൽ മെഡിക്കൽ ഓഫീസറുകെ കൈകളിലാണ്. ചികിത്സാ പ്രോട്ടോക്കോൾ നിർണിക്കുന്നതിൽ പോലും അലോപ്പതി വിഭാഗത്തിന് വഴങ്ങേണ്ടി വരുന്ന തരത്തിലാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ലിനെതിരായ നീക്കം.
ബില്ലിന്റെ ഘടനയിൽ സമഗ്രമായ മാറ്റം വേണമെന്നാണ് ആവശ്യം. നേരത്തെ, പകർച്ചവ്യാധി രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം മോഡേൺ മെഡിസിൻ ഡോക്ടർമാരിൽ മാത്രമാക്കാനുള്ള നീക്കമെന്ന പേരിൽ വൻ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ ചികിത്സിച്ച ഡോക്ടർക്ക് തന്നെ രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാം എന്നായതോടെ വലിയ അധികാരത്തർക്കം ഒഴിവായിരുന്നു.
‘ആയുഷ് ഐക്യവേദി’ എന്ന ബാനറിന് കീഴിൽ സംസ്ഥാനത്തെ ആയുഷ് പ്രൊഫഷണൽ അസോസിയേഷനുകൾ സർക്കാരിനോട് തങ്ങളുടെ ആശങ്കകളും എതിർപ്പുകളും അറിയിക്കാൻ ഒരു കൺസോർഷ്യം രൂപീകരിച്ചിരുന്നു. അവർ പൊതുജനാരോഗ്യവും അതിന്റെ ഭരണവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങൾ ഏകീകരിക്കുന്നതുമായ ബില്ലിനെക്കുറിച്ചുള്ള എതിർപ്പുകൾ സർക്കാരിനെ അറിയിച്ചിരുന്നു. അതിനൊന്നും ഫലമുണ്ടായില്ലെന്നാണ് പൊതു വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.