തിരുവനന്തപുരം: കാത്തിരിപ്പില്ലാതെ ആരോഗ്യപരിരക്ഷ ഉടൻ എന്നു പ്രഖ്യാപിച്ച് നടപ്പാക്കിയ ആയുഷ്മാൻ ഭാരത് പദ്ധതിയിലെ കേന്ദ്രവാദം തള്ളി കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. പദ്ധതിക്ക് കേന്ദ്രം നൽകുന്നതിനേക്കാൾ കൂടുതൽ തുക ചെലവിട്ടിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ വാദം. 3919 കോടി രൂപ സംസ്ഥാനം നൽകിയപ്പോൾ കേന്ദ്ര വിഹിതം 777 കോടിയിൽ ഒതുങ്ങി.
ഈ ഇനത്തിൽ ആശുപത്രികൾക്ക് 1680 കോടി രൂപ കുടിശ്ശിക നൽകാനുണ്ടെന്നു സർക്കാർ സമ്മതിക്കുന്നു. 2019 ഏപ്രിൽ ഒന്നിനാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻയോജന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരുമിച്ചാണ് ചെലവ് വഹിക്കുന്നത്. ആഗസ്റ്റ് 31 വരെയുള്ള കണക്കു പ്രകാരം 4709 കോടി രൂപയാണ് ആശുപത്രികൾക്ക് നൽകിയത്. പൊതുപ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ.
പ്രധാനമന്ത്രിയുടെ പേരിലുള്ള പദ്ധതിയാണെങ്കിലും സംസ്ഥാന വിഹിതമാണ് ആശുപത്രികൾക്ക് കൂടുതൽ നൽകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 1680 കോടി രൂപ കുടിശ്ശികയുണ്ട്. അതിൽ 77.66 കോടി കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ടതാണ്. നിലവിൽ സംസ്ഥാനം പ്രത്യേക അക്കൗണ്ട് വഴിയാണ് ആയുഷ്മാൻ പദ്ധതി തുക ആശുപത്രികൾക്ക് കൈമാറുന്നത്. സർക്കാർ- സ്വകാര്യ മേഖലയിലടക്കമുള്ള ആശുപത്രികൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇതിനിടെയാണ് 70ന് മുകളിലുള്ളവര്‍ക്ക് അഞ്ചുലക്ഷം വരെ സൗജന്യ ചികിത്സ എന്ന പ്രഖ്യാപനവുമായി കേന്ദ്രം പുതിയ രജിസ്ട്രേഷൻ നടപടികളിലേക്ക് കടന്നത്. ഇപ്പോൾതന്നെ കേന്ദ്രവിഹിതം മുടങ്ങിയ സാഹചര്യത്തിൽ ആയുഷ്മാൻ ഭാരത് ഇരുട്ടടിയാകുമോ എന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.