കോഴിക്കോട്: സംഘപരിവാർ ചായ്‍വ് ആരോപിക്കപ്പെടുന്ന യുക്തിവാദ സംഘടനയായ എസെൻസ് ഗ്ലോബൽ ‘സ്വതന്ത്ര ചിന്തകരുടെ മഹാസമ്മേളനം’ എന്ന പേരിൽ കോഴിക്കോട് സംഘടിപ്പിച്ച പരിപാടിക്കെതിരെ ഇടതുചിന്തകൻ ഡോ. ആസാദ്. യുക്തിബോധവും ജീവിതവീക്ഷണവും ചോർത്തപ്പെട്ട മനുഷ്യർ കാവിയണിഞ്ഞുതുടങ്ങുന്ന ഭീകര ചിത്രമാണ് കോഴിക്കോട്ടു കണ്ടതെന്നും മുമ്പ് പുരോഗമന പ്രസ്ഥാനങ്ങളിൽ കണ്ട പല മുഖങ്ങളും അവിടെയുണ്ടായിരുന്നു എന്നത് വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
'ഇന്ത്യയിൽ മതേതരത്വം തകർച്ചയിലേക്കോ' എന്ന വിഷയത്തിലുള്ള സംവാദത്തിൽ പങ്കെടുക്കാനാണ് ഡോ. ആസാദ് സമ്മേളനത്തിനെത്തിയത്. 'സംഘികളുടെ പരിപാടിയാണ്, പോകണോ?' എന്നൊക്കെ സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചെങ്കിലും സംവാദമല്ലേ പോവാം എന്നാണ് നിലപാടെടുത്തതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, തുടങ്ങുമ്പൊഴേ സന്ദീപ് വാര്യർക്കു ലഭിച്ച കയ്യടി അവരിൽ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുകാട്ടിയിരുന്നുവുന്നെും എസെൻസ് ഗ്ലോബൽ പ്രതിനിധിയുടെ പക്ഷംചേരൽ കൂടിയായതോടെ ആ സംഘടനയുടെ രാഷ്ട്രീയം പ്രകടമായി എന്നും ഡോ. ആസാദ് ചൂണ്ടിക്കാട്ടി.
സന്ദീപ് വാര്യരും ആരിഫ് ഹുസൈനുമാണ് ആസാദിന് പുറമേ സംവാദത്തിൽ പങ്കെടുത്തത്. നാസർ ഫൈസി കൂടത്തായിയുടെ പേര് പോസ്റ്ററിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മനുജ മൈത്രിയായിരുന്നു മോഡറേറ്റർ. ‘സന്ദീപ് വാര്യരും ആരിഫ് ഹുസൈനും ഏറെക്കുറെ ഒരേ നിലപാടായിരുന്നു. അവർ പരസ്പരം പൂരിപ്പിച്ചുകൊണ്ടിരുന്നു. മോഡറേറ്ററും അക്കൂട്ടത്തിൽ ചേർന്നു. മതേതരത്വമല്ല അവരുടെ ചർച്ചാ കേന്ദ്രം. മുസ്‍ലിം പ്രശ്നമായി പെട്ടെന്ന് അതു മാറ്റി. ചോദ്യങ്ങൾ അതിലേക്കു കൊണ്ടുവരാനും നേരത്തേ തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റിലേക്ക് സംവാദത്തെ കൊണ്ടുപോയി കെട്ടാനും മോഡറേറ്ററും ഉത്സാഹിച്ചു. വ്യത്യസ്ത നിലപാടുള്ള എനിക്ക് ആവശ്യത്തിന് സമയം തരാതിരിക്കാനും വിവേചനം കാണിക്കാനും അവർക്ക് മടിയുണ്ടായില്ല. ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയാക്കി സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ അവർ കാറ്റിൽ പറത്തി’ -ഡോ. ആസാദ് പറയുന്നു. തുടർന്ന് ചർച്ച അസഹ്യമായ ഘട്ടത്തിൽ ഡോ. ആസാദ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
അതേസമയം, സംഘ്പരിവാർ ബന്ധം നേരത്തെ തന്നെ ഉയർന്ന എസെൻസ് ഗ്ലോബലിന്റെ പരിപാടിയിൽ ഡോ. ആസാദ് അതിൽ പങ്കെടുത്തതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. മാറ്റി നിർത്തി ഒന്നിനെയും ദുർബലമാക്കാനാവില്ലെന്നും ഇടപെട്ടും യുക്തികൊണ്ടു പൊരുതിയും ദർശനത്തിന്റെ കരുത്തു നൽകിയും മാത്രമേ മാറ്റിത്തീർക്കാനാവൂ എന്നും ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘പരിപാടിക്ക് പോകാതെ ഇറങ്ങിപ്പോരുന്നതെങ്ങനെ? പോകാതിരിക്കലും ഇറങ്ങിപ്പോരലും ഒരേപോലെയാണോ? കയറിച്ചെല്ലലും ഇറങ്ങിപ്പോരലും, 'ജയിച്ചായാലും തോറ്റായാലും' സംവാദ ജനാധിപത്യത്തിന്റെ സമരവഴിയാണ്. ആരോടുമുള്ള അയിത്തം എന്റെ മുദ്രാവാക്യമല്ല. പോയതുകൊണ്ട് ചില കാര്യങ്ങൾ അനുഭവത്തിൽ അറിഞ്ഞു. തുടർന്നുള്ള വിചാരങ്ങളിലും ഇടപെടലുകളിലും അത് സഹായകരം’ -അദ്ദേഹം വിശദീകരിച്ചു.
കോഴിക്കോട്ട് 'സ്വതന്ത്ര ചിന്തകരുടെ മഹാസമ്മേളന'ത്തിൽ പങ്കെടുക്കാനിടയായി. 'ഇന്ത്യയിൽ മതേതരത്വം തകർച്ചയിലേക്കോ' എന്ന വിഷയത്തിലുള്ള സംവാദത്തിലേക്കായിരുന്നു ക്ഷണം. എസെൻസ് ഗ്ലോബലിന്റെ (ലിറ്റ്മസ് 24) പരിപാടി. 'സംഘികളുടെ പരിപാടിയാണ്, പോകണോ?' എന്നൊക്കെ സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചെങ്കിലും സംവാദമല്ലേ പോവാം എന്നാണ് ഞാൻ നിലപാടെടുത്തത്.
എനിക്കു പുറമേ സന്ദീപ് വാര്യരും ആരിഫ് ഹുസൈനുമാണുള്ളത്. നാസർ ഫൈസി കൂടത്തായിയുടെ പേര് പോസ്റ്ററിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വന്നില്ല. മനുജ മൈത്രിയായിരുന്നു മോഡറേറ്റർ. സന്ദീപ് വാര്യരും ആരിഫ് ഹുസൈനും ഏറെക്കുറെ ഒരേ നിലപാടായിരുന്നു. അവർ പരസ്പരം പൂരിപ്പിച്ചുകൊണ്ടിരുന്നു. മോഡറേറ്ററും അക്കൂട്ടത്തിൽ ചേർന്നു. മതേതരത്വമല്ല അവരുടെ ചർച്ചാ കേന്ദ്രം. മുസ്ലീം പ്രശ്നമായി പെട്ടെന്ന് അതു മാറ്റി. ചോദ്യങ്ങൾ അതിലേക്കു കൊണ്ടുവരാനും നേരത്തേ തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റിലേക്ക് സംവാദത്തെ കൊണ്ടുപോയി കെട്ടാനും മോഡറേറ്ററും ഉത്സാഹിച്ചു. വ്യത്യസ്ത നിലപാടുള്ള എനിക്ക് ആവശ്യത്തിന് സമയം തരാതിരിക്കാനും വിവേചനം കാണിക്കാനും അവർക്ക് മടിയുണ്ടായില്ല. ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയാക്കി സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ അവർ കാറ്റിൽ പറത്തി.
നിറഞ്ഞ സദസ്സുണ്ടായിരുന്നു മുന്നിൽ. തുടങ്ങുമ്പൊഴേ സന്ദീപ് വാര്യർക്കു ലഭിച്ച കയ്യടി അവരിൽ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ചായ് വ് പുറത്തുകാട്ടിയിരുന്നു. എസെൻസ് ഗ്ലോബലിന്റെ പ്രതിനിധിയുടെ പക്ഷംചേരൽ കൂടിയായതോടെ ആ സംഘടനയുടെ രാഷ്ട്രീയം പ്രകടമായി. അവരുടെ രാഷ്ട്രീയം സംവാദത്തിൽ എനിക്കു വിഷയമല്ല. പക്ഷേ, ജനാധിപത്യ മര്യാദ കാണിക്കാതെ മൂലയിൽ നിർത്തുന്ന ഏർപ്പാടിനോട് സഹകരിക്കാൻ എനിക്കു മനസ്സുണ്ടായില്ല. അസഹ്യമായ ഘട്ടത്തിൽ എനിക്ക് ഇറങ്ങിപ്പോരേണ്ടി വന്നു. ഒരു സുഹൃത്ത് സൂചിപ്പിച്ചതുപോലെ ഇറങ്ങിപ്പോരലും ഒരു രാഷ്ട്രീയ ഇടപെടലാണല്ലോ.
കോഴിക്കോടു പരിപാടിയുടെ പോസ്റ്റർ ഒരു വ്യക്തി നിറഞ്ഞു നിൽക്കുന്നതായിരുന്നു. അതിനു താഴെയാണ് സ്വതന്ത്ര ചിന്തകരുടെ മഹാ സമ്മേളനം എന്ന് എഴുതിക്കണ്ടത്. ആൾ ദൈവങ്ങളെയുണ്ടാക്കുന്ന വ്യക്തിപൂജാ പ്രസ്ഥാനം എങ്ങനെ സ്വതന്ത്ര ചിന്തകരുടേതാകും എന്ന് നേരത്തേ ഞാൻ സംഘാടകരോട് ചോദിച്ചിരുന്നു. അവർക്ക് അതിനു മറുപടിയുണ്ടായില്ല. ഹിന്ദുത്വ മതരാഷ്ട്രവാദവും ഫാഷിസവും എങ്ങനെ, എത്രത്തോളം കേരളത്തിന്റെ ധൈഷണിക ജീവിതത്തിലും പൊതുജീവിതത്തിലും കടന്നു കയറുന്നു എന്ന ഞെട്ടിക്കുന്ന അനുഭവമാണ് ഇന്നലെയുണ്ടായത്. മുമ്പ് പുരോഗമന പ്രസ്ഥാനങ്ങളിൽ കണ്ട പല മുഖങ്ങളും അവിടെയുണ്ടായിരുന്നു എന്നത് വേദനിപ്പിക്കുന്നു. യുക്തിബോധവും ജീവിതവീക്ഷണവും ചോർത്തപ്പെട്ട മനുഷ്യർ കാവിയണിഞ്ഞുതുടങ്ങുന്ന ഭീകര ചിത്രമാണ് കോഴിക്കോട്ടു കണ്ടത്.
എത്തിനോക്കിയത് തെറ്റാണോ എന്നറിയില്ല. ഇറങ്ങിപ്പോന്നതിന്റെ ആശ്വാസം ചെറുതല്ല.
---------------------
എസെൻസ് ഗ്ലോബലിന്റെ പരിപാടിക്ക് പോയത് നന്നായില്ല, എന്നാൽ ഇറങ്ങിപ്പോന്നത് നന്നായി എന്ന് പലരും പറഞ്ഞുകേട്ടു. പരിപാടിക്ക് പോകാതെ ഇറങ്ങിപ്പോരുന്നതെങ്ങനെ? പോകാതിരിക്കലും ഇറങ്ങിപ്പോരലും ഒരേപോലെയാണോ? കയറിച്ചെല്ലലും ഇറങ്ങിപ്പോരലും, 'ജയിച്ചായാലും തോറ്റായാലും' സംവാദ ജനാധിപത്യത്തിന്റെ സമരവഴിയാണ്. ആരോടുമുള്ള അയിത്തം എന്റെ മുദ്രാവാക്യമല്ല. പോയതുകൊണ്ട് ചില കാര്യങ്ങൾ അനുഭവത്തിൽ അറിഞ്ഞു. തുടർന്നുള്ള വിചാരങ്ങളിലും ഇടപെടലുകളിലും അത് സഹായകരം.
സംഘപരിവാര നേതാക്കളോടേ ചിലർ സംസാരിക്കൂ. സംവാദത്തിൽ ഏർപ്പെടൂ. അവർ സംഘപരിവാര നേതാക്കളിലോ ആശയങ്ങളിലോ ആകൃഷ്ടരായും മറ്റും പിൻതുടരുന്ന, പിറകിൽനിൽക്കുന്ന അനേകരോട് സംവദിക്കുകയില്ല. ഞാനാവട്ടെ നേതാക്കളോട് സംസാരിച്ചു നേരം കളയാനല്ല ഇഷ്ടപ്പെടുന്നത്. താഴെ നിൽക്കുന്ന വ്യത്യസ്ത ആശയങ്ങളിൽ ആകൃഷ്ടരായ ജനവിഭാഗങ്ങളോടു സംസാരിക്കും. സംവാദത്തിൽ ഏർപ്പെടും. ആശയസമരത്തിൽ അയിത്തത്തിന് ഇടമില്ല.
വിജയിക്കുന്നിടത്തേ പോകൂ എന്ന് ഒരു സമരത്തിലും നിശ്ചയിക്കാനാവില്ല. ആശയസമരത്തിൽ ജയവും തോൽവിയും അപ്പോൾതന്നെ സംഭവിക്കുന്നത് ആവണമെന്നുമില്ല. ആശയസമരം നടക്കുന്നു എന്നതാണ് പ്രധാനം. അതിന് ആശയവും യുക്തിബോധവും ഇല്ലാതെ കഴിയില്ല. തിരുത്താനും സ്വയം പുതുക്കാനുമുള്ള സന്നദ്ധതകൂടിയാണ് സംവാദത്തിലെ പങ്കാളിത്തം.
ആശയസമരത്തിൽ ഏറ്റുമുട്ടുന്ന പക്ഷങ്ങൾക്ക് മനസ്സിലാകുന്ന പൊതുഭാഷയും പൊതു മര്യാദകളും നിർബന്ധമാണ്. ജനാധിപത്യ വഴക്കം അതിന് അടിസ്ഥാന നിലയാണ്. അത് ലംഘിക്കുമ്പോൾ വിയോജിക്കുന്നതും ഇറങ്ങിപ്പോരുന്നതും സംവാദത്തിലെ ഇടപെടൽസ്വാതന്ത്ര്യമാണ്.
സംവാദങ്ങളിൽ അഭിപ്രായം പറയുന്നതും പറയാതിരിക്കുന്നതും ചിലത് തുറന്നു കാണിക്കാൻ പര്യാപ്തമാവും. ചുറ്റുമുള്ള ലോകം അതിനോടൊക്കെ സൂക്ഷ്മമായി സംവദിക്കുകയും ചെയ്യും. അറപ്പും വെറുപ്പും മാറ്റിനിർത്തലും സ്വയം ശുദ്ധി ചമയലും സ്വപക്ഷ പൊലിപ്പിക്കലുകളും ജനാധിപത്യ സംവാദത്തിന് ഭീഷണിയാണ്.
മാറ്റി നിർത്തി ഒന്നിനെയും ദുർബ്ബലമാക്കാനാവില്ല. ഇടപെട്ടും യുക്തികൊണ്ടു പൊരുതിയും ദർശനത്തിന്റെ കരുത്തു നൽകിയും മാത്രമേ മാറ്റിത്തീർക്കാനാവൂ. അതാണ് ആശയസമരത്തിന്റെ സാംഗത്യം.
ആസാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.