പാർട്ടി പറഞ്ഞാൽ അഴീക്കോട് വീണ്ടും മത്സരിക്കും -കെ.എം. ഷാജി

കണ്ണൂർ: പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്ന് കെ.എം. ഷാജി എം.എൽ.എ. മത്സരിച്ചാൽ ജയിക്കുമെന്ന് തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലമാറ്റം താൻ തീരുമാനിക്കുന്നതല്ല, പാർട്ടി തീരുമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാതരത്തിലുള്ള രാഷ്ട്രീയ ആക്രമണങ്ങളും താൻ പ്രതീക്ഷിക്കുന്നുണ്ട്. തനിക്കെതിരെ ഒരു തെളിവുമില്ലാത്ത അന്വേഷണമാണ് നടക്കുന്നത്. തനിക്ക് അതിൽ ഒട്ടും ഭയമില്ല.

ചിലരോട് ഈ സർക്കാറിന് വൈരാഗ്യമുണ്ട്. കഴിഞ്ഞ അഞ്ച് വർഷക്കാലം സർക്കാറിനോട് കൈക്കൊണ്ട നിലപാടിന്‍റെ ഭാഗമായാണ് ഈ വൈരാഗ്യം. നിലപാട് തുടരുക തന്നെ ചെയ്യും.

കെ. സുധാകരൻ പറഞ്ഞ ഓരോ വാചകവും കണ്ണൂരിന്‍റെ രാഷ്ട്രീയ സാഹചര്യത്തിൽ നൂറ് ശതമാനം ശരിയാണ്. പ്രാദേശികമായുള്ള ഭാഷാ പ്രയോഗമാണ് അദ്ദേഹം നടത്തിയത്. അതിന്‍റെ പേരിൽ ക്രൂശിക്കാനാകില്ല.

എം.സി. കമറുദ്ദീൻ എം.എൽ.എയുടെ കേസിൽ കക്ഷികളെ സി.പി.എമ്മിന്‍റെ വക്കീൽ തെറ്റിദ്ധരിപ്പിച്ചു. കമറുദ്ദീൻ പുറത്തായിരുന്നെങ്കിൽ പാർട്ടി സെറ്റിൽ ചെയ്യാൻ തീരുമാനിച്ചതായിരുന്നു ആ കേസ്. കമറുദ്ദീനെ അറസ്റ്റ് ചെയ്തിട്ട് ആർക്കാണ് പണം കിട്ടിയത്. എം.എൽ.എയെ ലക്ഷ്യമിട്ട് പരാതിക്കാരെ പോലും വഞ്ചിക്കുകയാണ് ഈ കേസിൽ പൊലീസ് ചെയ്തതെന്നും കെ.എം. ഷാജി പറഞ്ഞു.

കണ്ണൂർ, അഴീക്കോട് സീറ്റുകൾ വെച്ചുമാറാമെന്ന നിർദേശം ലീഗ് മുന്നോട്ടുവെച്ചിട്ടില്ല. അഭിപ്രായങ്ങളുണ്ട്. പക്ഷേ, തീരുമാനമായിട്ടില്ലെന്നും ഷാജി പറഞ്ഞു. 

Tags:    
News Summary - Azhikode will contest again if the party says so: KM Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.