ഏറ്റുമാനൂര്‍: കേരള ആരോഗ്യ സർവകലാശാലയുടെ കീഴിൽ ബി-ഫാമിന് പഠിക്കുന്ന കുട്ടികള്‍ അധ്യയനവര്‍ഷം നഷ്ടപ്പെടുന്നതില്‍ പ്രതിഷേധിച്ച് സമരത്തിലേക്ക്.
ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സലിന് പോലുമില്ലാത്ത നിയമം നടപ്പാക്കി വിദ്യാഭ്യാസദൈർഘ്യം കൂട്ടാനുള്ള സര്‍വകലാശാല നടപടി സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളെ സഹായിക്കാനാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും കടുത്ത നിരാശയിലാക്കുന്ന നിബന്ധനകളാണ് സർവകലാശാല അടുത്തിടെ കൊണ്ടുവന്നത്.
മുൻ സെമസ്റ്റർ പരീക്ഷകളിലെ മുഴുവൻ പേപ്പറുകൾ വിജയിച്ചാൽ മാത്രമേ അടുത്ത സെമസ്റ്റർ പ്രവേശനം സാധ്യമാകൂവെന്ന തീരുമാനത്തിനുപുറമെയാണ് പരീക്ഷ നടത്താതെ 'ഇയർ ബാക്ക്' കൂട്ടുന്നതിലേക്കുള്ള നടപടി സർവകലാശാല സ്വീകരിച്ചത്. മറ്റു സർവകലാശാലകൾ കോവിഡ് കാലത്ത് ഓൺലൈൻ പരീക്ഷ നടത്തി വിദ്യാഭ്യാസദൈർഘ്യം കൂട്ടാതെ കോഴ്സുകള്‍ മുന്നോട്ട് കൊണ്ടുപോയപ്പോഴാണ് ആരോഗ്യസര്‍വകലാശാലയുടെ ഈ നടപടി.
ഓണ്‍ലൈനില്‍ പരീക്ഷ നടത്താന്‍ തയാറാവാതെ വന്നതോടെ കൃത്യസമയത്ത് പരീക്ഷക്കിരിക്കാനോ പാസാകാനോ വിദ്യാര്ഥികള്ക്കായില്ല.
നാലുവര്‍ഷ കോഴ്സില്‍ എട്ട് സെമസ്റ്റര്‍ പരീക്ഷകളാണ് ഉള്ളത്. ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷ ജയിച്ചാല്‍ മാത്രമേ അഞ്ചാം സെമസ്റ്റര്‍ ക്ലാസില്‍ പ്രവേശനമുള്ളു. അതുപോലെ മൂന്ന് മുതല്‍ ഏഴ് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ ജയിച്ചാലേ എട്ടാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിക്കാനാവൂ. പരീക്ഷ കൃത്യസമയത്ത് നടക്കാതെ വന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷം നഷ്ടപ്പെടുകയാണുണ്ടായത്. വിവിധ സെമസ്റ്ററുകളിലായി പഠിക്കുന്ന ആയിരത്തിലേറെ വിദ്യാർഥികളെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്.
സര്‍വകലാശാല തീരുമാനത്തില്‍ പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും മൗനം പാലിക്കുകയാണ്. എല്ലാ സ്ഥാപനങ്ങളിലും ഒന്നു മുതല്‍ നാല് വരെ വര്‍ഷങ്ങളിലായി ബിഫാമിന് ഒരേ സമയം നാല് ബാച്ചുകളാണ് ഉണ്ടാവുക. എന്നാലിപ്പോള്‍ അത് അഞ്ച് ബാച്ചുകളിലെത്തി നില്‍ക്കുകയാണ്. നാലുവർഷ കോഴ്സ് സർവകലാശാല അനാസ്ഥയിൽ അഞ്ചും അതിലേറെ വർഷവും നീളുന്ന സാഹചര്യം ഉടലെടുക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ചൂഷണത്തിനുള്ള അവസരമൊരുക്കുകയാണെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.
ചില പേപ്പറുകൾ നഷ്ടപ്പെടുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ് നടത്തി അവരെ ഇയർ ബാക്കാകാതെ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തത്തില്‍നിന്നും കോളജ് അധികൃതര്‍ പിന്മാറുന്നു.
വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളും ഈ നടപടിയിലൂടെ വെട്ടിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.