അഗളി: അട്ടപ്പാടി പുതൂർ പാലൂരിൽ കൂട്ടം തെറ്റി ജനവാസകേന്ദ്രത്തിലെത്തിയ കുട്ടിയാന കാടിറങ്ങി വീണ്ടും ജനവാസമേഖലയിലെത്തി. വ്യാഴാഴ്ചയാണ് ഒരു വയസ്സുള്ള കുട്ടിയാനയെ പ്രാഥമിക പരിചരണം നൽകി അമ്മയാനയുടെ സാന്നിധ്യമുള്ള വനമേഖലയിൽ തിരികെയെത്തിച്ചത്. അമ്മയാന കുട്ടിയാനയെ കൂടെ കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ, രാത്രിയോടെ ആനക്കുട്ടി വീണ്ടും തിരികെ ജനവാസകേന്ദ്രത്തിലെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ പാലൂർ സ്വദേശി അയ്യപ്പന്റെ വീടിന് സമീപത്താണ് കണ്ടെത്തിയത്. രാവിലെ ഒമ്പതോടെ വനപാലകർ സ്ഥലത്തെത്തി വാഹനത്തിൽ കയറ്റി രണ്ട് കിലോമീറ്റർ അകലെ ആനക്കൂട്ടത്തിന്റെ സാന്നിധ്യമുള്ള ദൊഡുകട്ടി വനപ്രദേശത്തെത്തിച്ചു. മുളയും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇവിടെ താൽക്കാലിക ഷെഡ് നിർമിച്ചിട്ടുണ്ട്. ആനക്കുട്ടിക്ക് ശാരീരികപ്രശ്നങ്ങളില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
പഴങ്ങളും കരിക്കിൻ വെള്ളവും മറ്റും കഴിക്കുന്നുണ്ട്. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വൈകീട്ട് പരിശോധിച്ച് ചികിത്സ നൽകി. പ്രൊബേഷൻ റേഞ്ച് ഓഫിസർ കെ. ശ്രീജിത്ത്, സീനിയർ ഫോറസ്റ്റ് ഓഫിസർ എം. ശ്രീനിവാസൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.