സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ യുവാക്കളോടുള്ള വെല്ലുവിളി -ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാത്രികളെ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ കയറിപ്പറ്റുന്നവരെ വിഡ്ഢികളാക്കിക്കൊണ്ട് താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാറിന്‍റെ നീക്കം തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണ്. നേരത്തെ തന്നെ പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡിട്ട സർക്കാരാണ് ഇപ്പോള്‍ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ പോലും താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍റെ കാലത്തും ഇപ്പോഴും അനധികൃതമായി പിന്‍വാതില്‍ വഴി കയറിപ്പറ്റിയവരാണ് ഇതില്‍ ഏറെയും. നൂറിലേറെ പി.എസ്.സി റാങ്ക് ലിസ്റ്റുകളാണ് നിയമനം നടത്താതെ ഈ സര്‍ക്കാര്‍ റദ്ദാക്കിയത്. റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റ് റദ്ദാക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യയില്‍ ആഭയം പ്രാപിച്ച കാരക്കോണം സ്വദേശി അനു എന്ന യുവാവ് ഈ സര്‍ക്കാറിന്‍റെ ക്രൂരതയുടെ ഇരയാണ്. എന്നിട്ടും റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാതിരിക്കുകയും തങ്ങള്‍ക്ക് വേണ്ടപ്പെട്ട താത്ക്കാലികക്കാരെ നിയമിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത് ഉമാദേവിക്കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ്.

മുഖ്യമന്ത്രിയുടെ കീഴിലെ ഐ.ടി വകുപ്പിലും മറ്റും കണ്‍സള്‍ട്ടന്‍സികള്‍ വഴി യാതൊരു യോഗ്യതയുമില്ലാത്തവരെ വന്‍ ശമ്പളത്തില്‍ തിരുകിക്കയറ്റിയത് വിവാദമുണ്ടാക്കിയിരുന്നു. അതിന്മേല്‍ അന്വേഷണവും നടന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും അനധികൃത നിയമനങ്ങള്‍ നടത്താന്‍ ലൈസന്‍സ് കിട്ടിയിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ ധരിച്ചിരിക്കുന്നത്. അത് അനുവദിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.