തിരുവനന്തപുരം: മാസങ്ങളോളം നീണ്ട വരൾച്ചയിലും പിന്നാലെ പെയ്തിറങ്ങിയ അതിതീവ്ര മഴയിലും സംഭവിച്ച കൃഷിനാശത്തിൽ നിലംപൊത്തി കർഷകർ. കഴിഞ്ഞ മേയ് ഒന്നുമുതൽ ജൂൺ വരെ വ്യാപക കൃഷിനാശമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ രണ്ടു മാസത്തെ കണക്ക് പ്രകാരം ഏതാണ്ട് 70,988 ഹെക്ടറിലായി ഏതാണ്ട് 835 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. ഇതിനു തൊട്ടുമുമ്പുണ്ടായ വരൾച്ചയിലും വേനൽമഴയിലുമായി 500 കോടിയുടെ കൃഷിനാശവും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ വരാനിരിക്കുന്ന ഓണക്കാലത്ത് പച്ചക്കറിക്കടക്കം വലിയക്ഷാമം സംസ്ഥാനത്ത് ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കാലവർഷത്തിൽ ജൂലൈ ഒന്നുമുതൽ വെള്ളിയാഴ്ച വരെ ഏതാണ്ട് 84 കോടിയുടെ കൃഷി നഷ്ടം കണക്കാക്കിയിട്ടുണ്ട്. ചിങ്ങം പുലരാൻ ഒരുമാസംമാത്രം ശേഷിക്കെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കർഷകർ ഓണക്കൃഷിയിറക്കാനും മടിച്ചുനിൽക്കുകയാണ്. ഓണക്കാലത്ത് പച്ചക്കറിയുടെ വിലകുതിക്കാനും സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
ഇടുക്കി ജില്ലയിലാണ് വലിയ നാശം സംഭവിച്ചത്. 354.86 കോടിയുടെ നഷ്ടമാണ് ഇവിടെ. തൊട്ടടുത്ത് ആലപ്പുഴ. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലും കാര്യമായി കൃഷിനാശം സംഭവിച്ചു. എല്ലാ ജില്ലകളിലുമായി ഏകദേശം 1,90,958 കർഷകരെയാണ് ദുരിതം ബാധിച്ചത്. കാലവർഷത്തിൽ ഏത്തവാഴയാണ് കൂടുതലും നശിച്ചത്. ഓണം മുന്നിൽകണ്ടാണ് പലരും ഏത്തവാഴകൃഷിയിറക്കിയത്. ഏതാണ്ട് 21,516 ഹെക്ടറിലായി 43,111 കർഷകരുടെ ഏത്തവാഴ നശിച്ചുവെന്നാണ് കണക്ക്.
182 കോടിയുടെ ഏലവും 127 കോടിയുടെ കുരുമുളകും 107 കോടിയുടെ നെൽകൃഷിയും 72 കോടിയുടെ കുലക്കാത്ത വാഴകളും നശിച്ചു. വരൾച്ചയിൽ കാർഷിക മേഖലക്കുണ്ടാക്കിയ ആഘാതം വിലയിരുത്താൻ രൂപവത്കരിച്ച കാർഷിക വിദഗ്ധരുടെ സംഘം നഷ്ടം സംബന്ധിച്ച് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചെങ്കിലും കേന്ദ്ര സഹായം കിട്ടാത്തതിനാൽ നൽകിയിട്ടില്ല.
കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം പോലും ഇപ്പോൾ കുടിശ്ശികയാണ്. കൊടുക്കാൻ 40 കോടി ഇനിയും ബാക്കിയുണ്ട്. വിള ഇൻഷുറൻസ് തുക ഉൾപ്പെടെയാണ് ബാക്കിയുള്ളത്. ഇതിൽ 6.2 കോടി വൈകാതെ വിതരണം ചെയ്യുമെന്നാണ് കൃഷിവകുപ്പ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.