ആരാണ് അസ്ത്രങ്ങൾ?

അസ്ത്രങ്ങൾ എന്നാൽ ആയുധങ്ങളാണെന്നാണ് പൊതുവായ ധാരണ. ശക്തമായ അമ്പും വില്ലും ഉപയോഗിച്ചാണ് ആര്യന്മാർ അസുരരെയും രാക്ഷസരെയും നേരിട്ടത്. രാമന്റെ അസ്ത്രമേറ്റാണ് താടക കൊല്ലപ്പെട്ടത് (ബാലകാണ്ഡം, 26.25). താടക രാമനെ എതിരിട്ടത് ശിലാഖണ്ഡങ്ങൾ കൊണ്ടായിരുന്നു എന്ന് വാല്മീകി രാമായണം പ്രസ്താവിക്കുന്നു (ബാലകാണ്ഡം, 26.20). അസ്ത്രം എന്നാൽ ഇവിടെ കേവലം ശരങ്ങൾ മാത്രമല്ല. യുദ്ധത്തിന് തയാറായ ചാവേർപ്പടയെയും അസ്ത്രം എന്നാണ് വാല്മീകി വിവരിക്കുന്നത് എന്നനുമാനിക്കാം. കൗശികനായ വിശ്വാമിത്രന് എല്ലാ അസ്ത്രങ്ങളും വശമാണെന്ന് വസിഷ്ഠൻ ദശരഥനോട് പറയുന്നുണ്ട്. ഈ അസ്ത്രങ്ങളെയെല്ലാം ദക്ഷപ്രജാപതിയുടെ പുത്രിമാരായ ജയയും സുപ്രഭയും പ്രസവിച്ചവരാണെന്ന് വാല്മീകിരാമായണം വ്യക്തമാക്കുന്നു (ബാലകാണ്ഡം, 26.14).

അസുര സൈന്യത്തെ വധിക്കാനായാണ് സുപ്രഭ, സംഹാരന്മാർ എന്ന് പേരായ അമ്പത് അസ്ത്ര പുത്രന്മാരെ പ്രസവിച്ചതെന്ന് വാല്മീകി വിവരിക്കുന്നു (ബാലകാണ്ഡം, 26.17). ഈ അസ്ത്രങ്ങളെ കുറിച്ചെല്ലാം വിശ്വാമിത്രന് നന്നായി അറിയാമെന്നും അതിനാൽ പേടികൂടാതെ രാമനെ വിശ്വാമിത്രനോടൊപ്പം യാഗരക്ഷക്കായി അയക്കാൻ മടിക്കേണ്ടതില്ലെന്നുമാണ് വസിഷ്ഠൻ ദശരഥനെ ഉപദേശിക്കുന്നത്. ചുരുക്കത്തിൽ അസ്ത്രങ്ങൾ എന്നാൽ കേവലം ആയുധം മാത്രമല്ലെന്നും അസുര രാക്ഷസാദികളെ നിർമൂലനം ചെയ്യാനുള്ള ഒരു പടതന്നെ വിശ്വാമിത്രനൊപ്പം ഉണ്ടായിരുന്നുവെന്നും വാല്മീകി രാമായണത്തിലെ അസ്ത്രോൽപത്തി സ്പഷ്ടമാക്കുന്നു.

Tags:    
News Summary - Ramayana Masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.