ആലപ്പുഴ: ഒരുമാസത്തെ അവധിക്കുശേഷം ബന്ധുക്കളോടും സുഹൃത്തുക്കളോടും സമയം കണ്ടെത്തി സല്ലപിച്ചുള്ള ജിജോയുടെയും കുടുംബത്തിന്റെയും യാത്രപറച്ചിൽ അവസാന യാത്രയാകുമെന്ന് ആരും കരുതിയില്ല. ആ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ആലപ്പുഴ തലവടി പഞ്ചായത്ത് ആറാംവാർഡ് നീരേറ്റുപുറം ടി.എം.സി സ്കൂളിന് സമീപം മുളയ്ക്കലിൽ മാത്യു വി. മുളയ്ക്കൽ (ജിജോ-40), ഭാര്യ ലിനി എബ്രഹാം (35), മക്കളായ ഐറിൻ (14), ഐസക് (ഒമ്പത്) എന്നിവരുടെ വേർപാട് നാടിന്റെ ഉള്ളുലച്ചു.
രണ്ടു വർഷംമുമ്പ് പണിത സ്വന്തം വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചയാണ് കുവൈത്തിലേക്ക് തിരിച്ചത്. അവിടെ സുരക്ഷിതമായി എത്തിയെന്നറിയിക്കാൻ മാതാവ് പൊന്നമ്മയെ ഫോൺ വിളിച്ചശേഷം ഉറങ്ങാൻ കിടന്ന നാലംഗസംഘത്തിന്റെ മരണവാർത്തയെത്തിയത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്. കുവൈത്തിലുള്ള ജിജോയുടെ സഹോദരി ഷീജയാണ് ഇക്കാര്യം ആദ്യമുറപ്പിച്ചത്. പിന്നീട് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങിയശേഷം ഭക്ഷണം കഴിച്ച്, യാത്രാക്ഷീണത്തിൽ അബ്ബാസിയയിലെ താമസസ്ഥലത്ത് കിടന്നുറങ്ങവേ എ.സിക്ക് തീപിടിച്ച് ശ്വാസംമുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് ലഭിച്ച വിവരം.
പുതിയ വീട്ടിൽ മാതാവ് പൊന്നമ്മ മാത്രമാണ് താമസിക്കുന്നത്. സമീപത്തായി മറ്റൊരു സഹോദരി ഷീബയും കുടുംബവുമുണ്ട്. ഇതിനോട് ചേർന്നാണ് മറ്റ് ബന്ധുക്കളുടെ വീട്. നാട്ടിലെത്തിയാൽ എല്ലായിടത്തും പോകുന്നതാണ് ശീലം. നാടുമായും വീടുമായും നല്ല ബന്ധമായിരുന്നു. ജോലി ഉപേക്ഷിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് നീരേറ്റുപുറത്ത് വീട് പണിതത്. ഡിസംബറിൽ വിവാഹവാർഷികത്തിന് എത്തുമെന്ന് പറഞ്ഞായിരുന്നു മടക്കം.
ജിജോക്കും ഭാര്യക്കും നല്ല ശമ്പവും ജോലിയുമുള്ളതിനാൽ ആളുകളെ സഹായിക്കുമായിരുന്നു. പരേതനായ രാജു-റെയ്ച്ചൽ വർഗീസ് (പൊന്നമ്മ) ദമ്പതികളുടെ മകനാണ്. 15 വർഷമായി കുവൈത്തിൽ ജോലിയുള്ള ജിജോ റോയിട്ടേഴ്സ് കമ്പനിയിലെ ടെക്നിക്കൽ എൻജിനീയറായിരുന്നു. തലവടി അർത്തിശ്ശേരി പുത്തൻപറമ്പ് കുടുംബാംഗമായ ലിനി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്.
മക്കളായ ഐറിൻ കുവൈത്തിലെ ഭവൻസ് സ്കൂളിൽ ഒമ്പതാം ക്ലാസിലും ഐസക് നാലാം ക്ലാസിലും പഠിക്കുന്നു. സഹോദരങ്ങൾ: ജീമോൻ (ചെന്നൈ), ഷീബ, ഷീജ (കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.