അഭിഭാഷകന്​ അസുഖം; ബിനീഷിന്‍റെ ജാമ്യഹരജി ജൂൺ 25ലേക്ക് മാറ്റി

ബംഗളൂരു: മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ്​ ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ ജൂൺ 25ലേക്ക് മാറ്റി. ബിനീഷിന്‍റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാൽ ബുധനാഴ്ച ഹാജരാകാൻ കഴിയില്ലെന്നും ഹരജി മറ്റൊരു ദിവസം പരിഗണിക്കണമെന്നുമുള്ള ആവശ്യം ഹൈകോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ എൻഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റിന് (ഇ.ഡി) വേണ്ടി ഹാജരാകാറുള്ള അഡീ.സോളിസിറ്റർ ജനറലിന് കോവിഡ് ബാധിച്ചതിനാൽ ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച് രണ്ടുതവണ ഹരജി മാറ്റിയിരുന്നു.

അഡീഷനൽ സോളിസിറ്റർ ജനറൽ എസ്​.വി. രാജുവിന്​ കോവിഡ്​ ബാധിച്ചതിനാൽ ഹരജി​ ജൂൺ 14ലേക്ക്​ മാറ്റിവെക്കണ​മെന്ന്​ ജൂൺ രണ്ടിന്​ കോടതിയിൽ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹരജി പരിഗണിക്കുന്നത്​ ഒമ്പതിലേക്കാണ്​ അന്ന്​ കോടതി മാറ്റിയത്​. എസ്​.വി രാജു കോവിഡ്​ മുക്​തനായി തിരിച്ചെത്താത്തതിനാൽ ഹരജി പരിഗണിക്കുന്നത്​ മാറ്റണമെന്ന്​ ഇ.ഡി കോടതിയിൽ ആവർത്തിച്ചു. ഇത്​ പരിഗണിച്ച കോടതി ഹരജി പരിഗണിക്കുന്നത്​ ജൂൺ 16ലേക്ക്​ മാറ്റുകയായിരുന്നു.

അഡീഷനൽ സോളിസിറ്റർ ജനറലിന്​ ഹാജരാവാൻ കഴിയുന്നതുവരെ ബിനീഷിന്​ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയിലേറെ രൂപയുടെ സ്രോതസ്സ്​ സംബന്ധിച്ച എല്ലാ രേഖകളും ഹൈകോടതിയിൽ സമർപ്പിച്ചതായി ബിനീഷിന്‍റെ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്​ജിത്​ ശങ്കർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്​റ്റ്​ ചെയ്തത്. നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്​ ബിനീഷ്​. 

Tags:    
News Summary - Bail application of Bineesh Kodiyeri extended to June 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.