കൊച്ചി: 22 പേർ മരിക്കാനിടയായ മലപ്പുറം താനൂർ ബോട്ട് അപകടക്കേസിൽ പ്രതികളായ രണ്ട് ഉദ്യോഗസ്ഥർക്ക് ജാമ്യം. 11, 12 പ്രതികളായ കേരള മാരിടൈം ബോർഡ് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ പോർട്ട് കൺസർവേറ്റർ വി. പ്രസാദ് എന്നിവർക്കാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 40 ദിവസമായി ജയിലിലാണെന്നത് കണക്കിലെടുത്താണ് ജാമ്യം.
മേയ് ഏഴിന് വൈകീട്ടാണ് ടൂറിസ്റ്റുകളെ കൊണ്ടുപോകാൻ മാറ്റം വരുത്തിയ മത്സ്യബന്ധന ബോട്ട് അപകടത്തിൽപെട്ടത്. സ്രാങ്കും ലാസ്കറുമടക്കം 22 പേർ കയറാവുന്ന ബോട്ടിൽ 52 പേർ കയറിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. ബോട്ടിൽ യാത്രക്കാരെ കയറ്റാനായി അപ്പർ ഡെക്ക് ഉണ്ടായിട്ടും ഈ വിവരം സർവേയർ മറച്ചുവെച്ചു. രണ്ട് പ്രതികളുടെയും ഭാഗത്ത് കരുതിക്കൂട്ടിയുള്ള വീഴ്ചയുണ്ടായിട്ടുണ്ട്.
ബോട്ടെന്ന് നിർമിച്ചതാണെന്ന വിവരംപോലും രേഖപ്പെടുത്തിയിരുന്നില്ല. വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് മാറ്റം വരുത്തിയത്. ഇക്കാര്യങ്ങളൊക്കെ സർവേയർക്ക് കണ്ടെത്താൻ കഴിയുമായിരുന്നെങ്കിലും മറച്ചുവെച്ചെന്നും വിലയിരുത്തി. ബോട്ടിലെ അപ്പർ ഡെക്ക് വാട്ടർ ടാങ്ക് വെക്കാനും ഇതിലേക്കുള്ള ഗോവണി ജീവനക്കാർക്ക് കയറാനും വേണ്ടി ഉണ്ടാക്കിയതെന്നായിരുന്നു സർവേയറുടെ വാദം.
രജിസ്ട്രേഷൻ നമ്പർ ബോട്ട് ഉടമയെ രഹസ്യമായി അറിയിച്ചെന്നതായിരുന്നു 12ാംപ്രതിക്കെതിരായ ആരോപണം. ഹരജിക്കാരുടെ വാദങ്ങൾ കോടതി മുഖവിലയ്ക്കെടുത്തില്ലെങ്കിലും അപകടത്തിന് പ്രധാന ഉത്തരവാദികൾ ബോട്ട് ഉടമയടക്കമുള്ളവരാണെന്ന് കോടതി വിലയിരുത്തി. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ. അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യുന്നതുവരെ എല്ലാ ശനിയാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.