സംവിധായകന്‍ ബാലചന്ദ്രകുമാർ, നടൻ ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊച്ചിയിൽ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ സംവിധായകന്‍റെ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറി. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും അതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരിന്നു.

കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായതിനാൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വിചാരണക്കോടതി മറുപടി പറഞ്ഞിട്ടില്ല.

അതേസമയം, കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിലാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്കയുണ്ടെന്നും അതിനാൽ തുടരന്വേഷണം വേണമെന്നുമാണ് നടിയുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് നടി കത്തയച്ചത്. കേസിലെ പ്രതിയായ നടൻ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകൾ ഒരു സ്വകാര്യ ചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദിലീപിന് പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യം ലഭിച്ച് പുറത്തുവന്ന് ദിവസങ്ങൾക്കകം ദിലീപിന് ലഭിച്ചിരുന്നുവെന്നും ദിലീപ് ദൃശ്യങ്ങൾ ക‍ണ്ടതിന് താൻ സാക്ഷിയാണെന്നും അടക്കം നിരവധി കാര്യങ്ങളാണ് ബാലചന്ദ്രകുമാർ പറഞ്ഞത്.

കേസിൽ ഏതാണ്ട് 140 സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ കേസിന്റെ മുന്നോട്ടുളള ഗതിയിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Balachandra Kumar's statement was recorded in the case of attacking the actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.