ബജറ്റ് പ്രസംഗം ജനങ്ങളെ പറ്റിക്കാനുള്ള വ്യാജരേഖയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ കൊണ്ടെത്തിച്ച ശേഷം അതിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയാതെ കള്ളവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കാനുള്ള വ്യാജരേഖ മാത്രമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റെന്ന് കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. രണ്ടുടേമായി സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ വിനാശകരമായ സാമ്പത്തിക നയങ്ങളും ധൂര്‍ത്തും അഴിമതിയും കാരണമാണ് കേരളം കടക്കെണിയിലായത്.

അതിനെ മറച്ചു വച്ചും അഴിമതികളെ വൈള്ള പൂശിയും സര്‍ക്കസ് കാണിച്ച ധനമന്ത്രി തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്നാണ് ബജറ്റ് പ്രസംഗം തെളിയിക്കുന്നത്. കഴിഞ്ഞ ബജറ്റ് പ്രസംഗങ്ങളിലെ പ്രഖ്യാപനങ്ങളിലെ ഒരംശം പോലും നടപ്പാക്കിയിട്ടില്ല. ഇത്തവണ വീണ്ടും പൊള്ളയായ പ്രഖ്യാപനങ്ങള്‍ നടത്തുന്നു. ഒന്നും നടപ്പാവാന്‍ പോകുന്നില്ല. കൈയില്‍ നയാപൈസ ഇല്ലാതെ കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തുന്ന മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ സൂത്രപ്പണി തന്നെയാണ് ബാലഗോപാലും നടത്തുന്നത്.

സ്വകാര്യ സര്‍വ്വകലാശാലകളേയും വിദേശ സര്‍വ്വകലാശാലകളെയും അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തുന്ന ധനമന്ത്രി അതിന് മുന്‍പ് കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ മേഖലക്കെതിരെയും സ്വകാര്യമേഖലക്ക് എതിരെയും സി.പി.എമ്മും ഇടതു പക്ഷവും നടത്തിയ സമരാഭാസത്തിലൂടെ കേരളത്തെ കുരുതിക്കളമാക്കിയിരുന്നു. ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ സ്വകാര്യവിദ്യാഭ്യാസ മേഖലയെ വാരിപ്പുണരുന്നു. കംപ്യൂട്ടറിനെതിരായ സമരം മുതല്‍ ഇങ്ങോട്ട് എല്ലാ പുരോഗമന മുന്നേറ്റങ്ങളേയും ആദ്യം തച്ചു തകര്‍ത്ത പാരമ്പര്യം കമ്യൂണിസ്റ്റുകാര്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നു.

ക്ഷേമ പെന്‍ഷനുകള്‍ കൂട്ടുമെന്ന വാഗ്ദാനം ഇടതു സര്‍ക്കാര്‍ വിഴുങ്ങിയിരിക്കുകയാണ്. കുടിശിക പോലും കൊടുക്കുമെന്ന് ഉറപ്പില്ല. പങ്കാളിത്ത പെന്‍ഷന്‍ കാര്യത്തില്‍ഇത്രയും കാലം ജീവനക്കാരെ പറ്റിച്ച സര്‍ക്കാര്‍ വീണ്ടും അവ്യക്തമായ പദ്ധതി പ്രഖ്യാപിച്ചു കബളിപ്പിക്കുന്നു. അധിക നികുതി അടിച്ചേല്പിക്കുന്ന സര്‍ക്കാര്‍ നികുതി കുടിശിക പിരിച്ചെടുക്കുകയോ ധനാഗമന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയോ ചെയ്യുന്നില്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള, തെല്ലും ആത്മാര്‍ത്ഥതയില്ലാത്ത, പൊള്ളയായ രാഷ്ട്രീയ പ്രസംഗം മാത്രമാണ് ബാലഗോപാലിന്റെ ബജറ്റ് പ്രസംഗമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Balagopal is also doing the same work as former minister Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.