'ശിരോവസ്ത്ര നിരോധനം ഭരണഘടനയ്ക്ക് എതിര്'; കർണാടക ഹൈകോടതി വിധിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ്​ നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധം. ഹിന്ദു രാഷ്ട്ര നിർമിതിയുടെ ഭാഗമായി ആർ.എസ്​.എസ്​ സർക്കാർ മുസ്‌ലിം സമൂഹത്തിന്റെ മൗലികാവകാശമായ ഹിജാബിനെതിരെ പുറപ്പെടുവിച്ച വംശീയ ഉത്തരവ് ശരിവെച്ച കർണാടക ഹൈകോടതിയുടെ വിധി പൗരാവകാശം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം പറഞ്ഞു. ഭരണഘടനാദത്തമായ അവകാശം മുസ്‌ലിം വിദ്യാർഥിനികൾക്ക് മാത്രം വിലക്കുന്നത് പ്രകടമായ ആർ.എസ്​.എസ്​ പദ്ധതിയാണ്. ഇത്തരം ഉത്തരവുകൾക്ക് നിയമ സാധുത നൽകുന്നതിലൂടെ ഭരണഘടനയെ നോക്കു കുത്തിയാക്കുകയാണ്.

കോടതികൾ അവയുടെ മൗലിക ധർമം വിസ്മരിച്ച് വംശീയ പദ്ധതികൾക്ക് വഴിയൊരുക്കുന്നത് രാജ്യം അതീവ ജാഗ്രതയോടെ കാണേണ്ട സമയമായിരിക്കുന്നു. നീതി നിഷേധം ആവർത്തിച്ചുറപ്പിക്കുകയാണ് ഇത്തരം വിധികൾ ചെയ്യുന്നത്. ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ലംഘിച്ചാണ് കർണാടക സർക്കാർ നിരോധനം നടപ്പാക്കിയത്.

മത വിശ്വാസത്തിന്റെ അഭിവാജ്യ ഭാഗം ഏതെന്ന് ആ വിശ്വാസത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ് പറയേണ്ടത്. ഏകപക്ഷീയ കോടതി വിധികളിലൂടെ ഇത്തരം കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് ജനാധിപത്യത്തെ ഇല്ലാതാക്കും.

ഏക സിവിൽകോഡ്, പൗരത്വ നിയമം, പൗരത്വ രജിസ്റ്റർ എന്നിവ അടക്കം രാജ്യത്തെ മത ന്യൂനപക്ഷങ്ങൾ ആശങ്കയോടെ കാണുന്ന സംഘ്പരിവാർ നീക്കങ്ങൾക്ക് കൂടുതൽ അനുകൂലമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാനുള്ള വഴിയാണ് ഇത്തരം വിധികളിലൂടെ ഒരുങ്ങുന്നത്. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയെ പിന്നോട്ടടിക്കാൻ ഈ വിധി ഇടയാക്കും.

വിദ്യാഭ്യാസ - ഉദ്യോഗ രംഗങ്ങളിൽ മുസ്‌ലിം സമൂഹം പുരോഗതി പ്രാപിക്കുന്നത് തടയാനുള്ള ആർ.എസ്.എസ് പദ്ധതികൾക്ക് ഈ വിധി ശക്തി പകരും. ഇതിനെതിരെ പൗരത്വ പ്രക്ഷോഭ സമാനമായ ജനകീയ മുന്നേറ്റം ഉയരേണ്ട സന്ദർഭമായിരിക്കുന്നു. സുപ്രീം കോടതിയിലെ നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും യോജിപ്പിച്ച് ഭരണഘടനാ അവകാശങ്ങൾ സ്ഥാപിച്ചടുക്കാനുള്ള നീക്കങ്ങൾ മുന്നോട്ട് കൊണ്ടു പോകണമെന്നും ഹമീദ്​ വാണിയമ്പലം പറഞ്ഞു.

പോപുലർ ഫ്രണ്ട്

ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികള്‍ കര്‍ണാടക ഹൈകോടതി വിശാല ബെഞ്ച് തള്ളിയ നടപടി ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കര്‍ണാടക ഹൈകോടതി വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്.

ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നൽകുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കർണാടക ഹൈകോടതി ചെയ്തിട്ടുള്ളത്. ഭരണഘടനയിലും നീതി നിര്‍വഹണ സംവിധാനങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ ഈ വിധി കാരണമാവും.

അധികാരം ഉപയോഗിച്ച് രാജ്യം മുഴുക്കെ ഹിന്ദുത്വ ഫാഷിസം ന്യൂനപക്ഷങ്ങളെ അരികുവല്‍ക്കരിക്കാനും രണ്ടാംകിട പൗരന്മാരാക്കാനും ആസൂത്രിത നീക്കം നടത്തുകയാണ്. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളില്‍ പോലും കൈകടത്തി അവരുടെ ചിഹ്നങ്ങളെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അതിനെ സാധൂകരിക്കുന്ന വിധി പ്രസ്താവമാണ് കോടതികളില്‍ നിന്നുണ്ടാവുന്നത്.

ഈ വിധി രാജ്യത്തെ അത്യന്തികമായി അരക്ഷിതാവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുക. നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ മേൽക്കോടതി ഈ വിധി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുൽ സത്താർ കൂട്ടിച്ചേർത്തു.

കേരള മുസ്ലിം ജമാഅത്ത് യൂത്ത്​ കൗൺസിൽ

സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നതാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അപ്പോഴാണ് സ്വാതന്ത്ര്യം പൂർണമാകുയെന്ന് കേരള മുസ്​ലിം ജമാഅത്ത് യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ എം.ബി. അമീൻഷാ പറഞ്ഞു. ഇസ്ലാമിക സ്ത്രീകളുടെ വേഷവിധാനം എങ്ങനെയായിരിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ പറയുന്നുണ്ട്. വിശുദ്ധ ഖുർആനിലെ സൂറത്തുൽ അഹ്സാബിലെ അധ്യായം 59 വിശ്വാസിനികളുടെ വേഷത്തിന്റെ അടിസ്ഥാന നിയമം പഠിപ്പിക്കുന്നവയാണ്.

ഇസ്ലാമിൽ ഹിജാബ് സംസ്കാരം ഇല്ല എന്ന് പറയുന്നവർ മത വിഷയങ്ങളിൽ ആധികാരികമായി അറിവില്ലാത്തവരാണ്. മതസംഘടനകളും പണ്ഡിതന്മാരുമായി കൂടിയാലോചിക്കാതെ മത വിഷയത്തിൽ ഏതു കോടതി വിധി പറയുന്നതും അംഗീകരിക്കാനാവില്ലെന്നും ഹൈകോടതി വിധി പ്രതിഷേധാർഹമാണെന്നും വിശ്വാസികൾക്ക് സുപ്രീം കോടതിയിൽനിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷ പുലർത്തുന്നതായും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി

ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധി ദൗർഭാഗ്യകരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി. ഹിജാബ് ഇസ്‌ലാമിലെ അഭിവാജ്യ ഘടകമാണെന്നും ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവെച്ച് തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് മുസ്‌ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകാശമാണെന്നും കർണാടക ഹൈകോടതി വിധി പുനഃപരിശോധിക്കണമെന്നും തങ്ങൾ പറഞ്ഞു.

ഇത്തരമൊരു വിധിയുടെ പശ്ചാത്താലത്തിൽ സാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നതായും ഭരണകൂടം ഈ വിഷയത്തിൽ വേണ്ട ജാഗ്രത പുലർത്തണമെന്നും ഖലീൽ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു. 

ഇ.പി. ജയരാജന്‍

ഹിജാബ് വിഷയം ആര്‍.എസ്.എസിന്റെ അജണ്ടയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. കര്‍ണാടക ഹൈക്കോടതി വിധിയില്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനമുണ്ട്.

കര്‍ണാടകയിലെ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസം ഒഴിവാക്കി വീട്ടിലിരിക്കേണ്ട സ്ഥിതിയാണ്. സമാധാനപരമായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിൽ കൈവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫാത്തിമ തഹ്​ലിയ

കർണാടക ഹൈകോടതി വിധി തീർത്തും നിരാശാജനകമാണ്. ഹിജാബ് ഇസ്ലാം മതത്തിന്റെ നിർബന്ധ ആചാരമല്ല എന്ന കണ്ടെത്തലിൽ നിന്നാണ് അത്തരമൊരു വിധി വന്നത് എന്നാണ് മനസ്സിലാകുന്നത്. അങ്ങനെയെങ്കിൽ വസ്തുതാപരമായി പിശകുകളുള്ള വിധിയാണത്.

ഹിജാബ് ഇസ്‌ലാമിൽ നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമാണ്. ഹിജാബ് ധരിക്കുന്നവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടം ജനാധിപത്യ ലോകത്ത് വിമർശിക്കപ്പെടുക തന്നെ വേണം.

Tags:    
News Summary - Ban on headscarves: Protest against Karnataka High Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.