‘മഞ്ഞുമ്മൽ ബോയ്​സ്’​ നിർമാതാക്കളുടെ അറസ്റ്റിനുള്ള വിലക്ക്​ നീട്ടി

കൊച്ചി: വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ അറസ്റ്റ്​ തടഞ്ഞ ഇടക്കാല ഉത്തരവ്​ ഹൈകോടതി നീട്ടി. നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി, ഷാഹിർ ബാബു എന്നിവരെ അറസ്റ്റ്​ ചെയ്യരുതെന്ന ഉത്തരവാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​ നീട്ടിയത്​.

ഇവരുടെ മുൻകൂർ ജാമ്യ ഹരജി ജൂലൈ 10ന്​ പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ്​ ഇടക്കാല ഉത്തരവും അതുവരെ നീട്ടിയത്​.

സിനിമക്കായി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും മുടക്കിയ പണവും നൽകിയില്ലെന്ന്​ ആരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്.

ലാഭത്തുക ലഭിച്ചിട്ടും ഹരജിക്കാരന്‍റെ കടം വീട്ടാതെ നിർമാതാക്കളിൽ ഒരാൾ സ്ഥിരനിക്ഷേപം നടത്തിയതടക്കം ആരോപണങ്ങളുന്നയിച്ച്​ കോടതിയിൽ പൊലീസ്​ റിപ്പോർട്ട്​ നൽകിയിരുന്നു. ഒത്തുതീർപ്പിനുള്ള ശ്രമം നടക്കുകയാണെന്ന്​ ഹരജിക്കാരും അറിയിച്ചിട്ടുണ്ട്​.

നേരത്തെ, മഞ്ഞുമ്മൽ ബോയ്്സ് നിർമാതാക്കൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണമുണ്ട്. ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായ ഷോൺ ആന്റണിയിൽ നിന്ന് ഇ.ഡി മൊഴിയെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - ban on the arrest of producers of Manjummal Boys has been extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.