ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി താൽക്കാലികമായി മരവിപ്പിച്ചത് അപലപനീയം -പോപുലർ ഫ്രണ്ട്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി) സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചത് അപലപനീയമെന്ന് പോപുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് പറഞ്ഞു. കുറച്ച് വർഷങ്ങളായി സംഘടനക്കെതിരായി തുടർന്നുവരുന്ന അടിച്ചമർത്തൽ നടപടികളുടെ ഭാഗമാണ് ഇ.ഡിയുടെ ഈ നടപടി. ജനകീയ പ്രസ്ഥാനങ്ങൾ, എൻ.ജി.ഒകൾ, മനുഷ്യാവകാശ സംഘടനകൾ, പ്രതിപക്ഷ പാർട്ടികൾ, മാധ്യമങ്ങൾ തുടങ്ങി രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടത്തെ വിമർശിക്കുന്ന ഏതൊരു ജനാധിപത്യ ശബ്ദത്തിനും പിന്നാലെ കൂടി രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ് ഇ.ഡിയെന്ന് ഒരിക്കൽ കൂടി വ്യക്തമാകുകയാണ്.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 13 വർഷത്തെ ഇടപാടുകൾ, ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ സാധാരണമാണ്. മാതൃകാപരമായ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയെന്ന നിലയിൽ രാജ്യം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങളടക്കമുള്ള വലിയ പ്രശ്നങ്ങൾ നേരിടാൻ പോപുലർ ഫ്രണ്ട് നടത്തിയ ധനശേഖരണവും നിക്ഷേപങ്ങളും ഉൾപ്പെട്ട തുകയാണത്. ഇ.ഡി പ്രസ്താവിച്ച കണക്കുകൾ ഒട്ടും ആശ്ചര്യകരമല്ല. സംഘടന അതിന്റെ ഓരോ പൈസയുടെ ഇടപാടുകളും ആദായനികുതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഒരു പതിറ്റാണ്ടിലേറെ കാലത്തെ കണക്കുകൾ വെച്ച് വാർത്തകൾ സെൻസേഷണലൈസ് ചെയ്യുകയാണ്. 2020ൽ പോപുലർ ഫ്രണ്ട് 120 കോടി പിരിച്ചെടുത്തതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. 60 കോടി എന്ന ഇപ്പോഴത്തെ പ്രസ്താവന നേരത്തെയുള്ള വ്യാജ അവകാശവാദം തള്ളിക്കളയുന്നതാണ്. ഇത്തരം ഏജൻസികൾ പോപുലർ ഫ്രണ്ട് പോലെയുള്ള ജനകീയ പ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിന് മറ്റൊരു തെളിവ് കൂടിയാണിത്.

ആംനസ്റ്റി ഇന്റർനാഷനൽ, ഗ്രീൻ പീസ് തുടങ്ങിയ ലോകപ്രശസ്ത എൻ.ജി.ഒകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകളും ഇതേ രീതിയിൽ മരവിപ്പിച്ചിരുന്നു. അന്വേഷണമെന്ന പേരിലുള്ള പകപോക്കലിനെ ഭയന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളിലുമുള്ള അഴിമതിക്കാരായ രാഷ്ട്രീയക്കാർ തങ്ങളുടെ കള്ളപ്പണം സംരക്ഷിക്കാൻ ബി.ജെ.പിയിൽ ചേരുന്ന പ്രവണത രാജ്യത്ത് ഇതിനകം തന്നെ ഇ.ഡിയുടെ ഇടപെടലിലൂടെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ നൂറുകണക്കിന് കോടികളുടെ അഴിമതികളും കള്ളപ്പണ ഇടപാടുകളും ഇ.ഡിയെ ആശങ്കപ്പെടുത്തുന്നേയില്ല. പ്രതിപക്ഷത്തെ ലക്ഷ്യമിടാനും നിശബ്ദരാക്കാനും ഇ.ഡിയെയും മറ്റ് അന്വേഷണ ഏജൻസികളെയും ബി.ജെ.പി ദുരുപയോഗം ചെയ്യുന്നത് പതിവായി മാറിയിരിക്കുകയാണ്.

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന, ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളുടെ വിശ്വാസം സംഘടന നേടിയെടുത്തിട്ടുണ്ട്. ജനങ്ങൾ പോപുലർ ഫ്രണ്ടിന് സംഭാവനകൾ നൽകി സഹായിക്കുന്നുമുണ്ട്. ചെറുതും വലുതുമായ ഏത് സാമ്പത്തിക ഇടപാടുകളും വളരെ സുതാര്യമായി നടത്തണമെന്ന് സംഘടന അതിന്റെ തുടക്കം മുതൽ തന്നെ ഒരു നയമാക്കി നിഷ്കർഷിക്കുന്നു. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ പോപുലർ ഫ്രണ്ട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് മാത്രമാണ് സംഘടനക്കെതിരെ കെട്ടിച്ചമച്ച രാഷ്ട്രീയ പ്രേരിത കേസുകൾ എന്ന് ജനങ്ങൾക്ക് നന്നായി അറിയാം. ആർ.എസ്.എസിന്റെ ദുഷിച്ച പദ്ധതികളോടുള്ള പോപുലർ ഫ്രണ്ടിന്റെ ഉറച്ച നിലപാടും എതിർപ്പും ജനകീയമായി തുടരുക തന്നെ ചെയ്യും. ഇത്തരം ഹീന നടപടികൾ ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. ഈ തടസ്സങ്ങളെ മറികടക്കാൻ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാർഗങ്ങളും പോപുലർ ഫ്രണ്ട്‌ സ്വീകരിക്കുമെന്നും അനീസ് അഹമ്മദ് പറഞ്ഞു. 

Tags:    
News Summary - Bank accounts frozen by ED is reprehensible - Popular Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.