ചെങ്ങമനാട് നെടുവന്നൂർ സ്വദേശി ആൻവിന്‍റെ പറമ്പിൽ സ്ഥാപിച്ച കെ റെയിൽ കല്ല്

വീട്ടിൽ കെ റെയിൽ കല്ലിട്ടത് വിനയായി; വിദേശ ജോലിക്ക് ബാങ്ക് വായ്പ നിഷേധിക്കപ്പെട്ട യുവാവ് ദുരിതത്തിൽ

ചെങ്ങമനാട് (കൊച്ചി): കെ റെയിലിനായി കുറ്റിയടിച്ച കാരണത്താൽ ബാങ്ക് വായ്പ നിഷേധിച്ച യുവാവ് ദുരിതത്തിൽ. ചെങ്ങമനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നെടുവന്നൂർ സ്വദേശി ആൻവിനാണ് (21) വിദേശ ജോലി ആവശ്യാർഥം വായ്പ എടുക്കാനെത്തിയപ്പോൾ ഈട് നൽകുന്ന വസ്തുവിൽ കെ റെയിൽ കുറ്റി അടിച്ചത് വിനയായത്.

ബി.എസ്.സി ഇലക്ട്രോണിക്സ് ബിരുദധാരിയായ ആൻവിന് വിദേശത്ത് മികച്ച രീതിയിൽ തൊഴിലവസരം ലഭിച്ചതോടെയാണ് 34 സെന്‍റ് സ്ഥലവും വീടും സ്ഥിതി ചെയ്യുന്ന ആധാരം പണയപ്പെടുത്തി 28 ലക്ഷം വായ്പയെടുക്കാൻ തീരുമാനിച്ചത്. എയർപോർട്ടിലെ കരാർ കമ്പനിയിലെ ജീവനക്കാരനായ പിതാവിനൊപ്പമാണ് ബാങ്കുകളിൽ വായ്പ എടുക്കാനെത്തിയത്. കാനറ ബാങ്കിന്‍റെ ശ്രീമൂലനഗരം ശാഖയിലും, എസ്.ബി.ഐയുടെയും, ഫെഡറൽ ബാങ്കിന്‍റെയും എയർപോർട്ട് ശാഖയിലുമാണ് വായ്പ തേടി എത്തിയതെന്ന് ആൻവിൻ പറഞ്ഞു.

യാതൊരു അമാന്തവും കാണിക്കാതെ വായ്പ തരാമെന്ന് ആദ്യം ബാങ്ക് അധികൃതർ ഉറപ്പു പറഞ്ഞിരുന്നതാണത്രെ. എന്നാൽ വീടിന്‍റെ കൂടുതൽ കാര്യങ്ങൾ വിശദമാക്കുന്നതിനിടെ വീട്ടുവളപ്പിൽ കെ റെയിലിന്‍റെ മഞ്ഞക്കുറ്റി അടിച്ച കാര്യം ആൻവിൻ വ്യക്തമാക്കി. അതോടെയാണ് ബാങ്ക് അധികൃതർ നിലപാട് മാറ്റിയതെന്നും ആൻവിൻ പറഞ്ഞു. കുറച്ച് നേരം പുറത്തിരിക്കാൻ ആവശ്യപ്പെട്ടു. അതിന് ശേഷം ബാങ്കിന്‍റെ വായ്പ വിഭാഗവുമായി ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് കെ റെയിൽ കുറ്റി അടിച്ച കാരണത്താൽ വായ്പ നൽകാനാകില്ലെന്ന കാര്യം വ്യക്തമാക്കിയതെന്നും ആൻവിൻ പറഞ്ഞു.

കെ റെയിലിനായി കുറ്റി അടിച്ചത് അനിശ്ചിതമായി നില നിൽക്കുന്നതിനാൽ വായ്പ നൽകുന്ന കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നായിരുന്നു ബന്ധപ്പെട്ട മൂന്ന് ബാങ്കുകളും വ്യക്തമാക്കിയതത്രെ. ഏക മകന്‍റെ ഭാവി പ്രതിസന്ധിയിലായതോടെ കുടുംബം നിരാശയിലായിരിക്കുകയാണ്. ആൻവിന്‍റെ അവസ്ഥ പുറത്തറിഞ്ഞതോടെ സമീപത്തെ കെ റെയിൽ കുറ്റി അടിച്ച നിരവധി വീട്ടുകാരും മനോവിഷമത്തിലാണ്. കെ. റെയിൽ കുറ്റി അടിച്ച കാരണത്താൽ വായ്പ കിട്ടില്ലെന്ന് ഉറപ്പായതോടെ വിദേശത്ത് ജോലി തേടി പോകാനുള്ള ശ്രമം ഉപേക്ഷിച്ച് ആറ് മാസത്തെ മറ്റൊരു കോഴ്സിൽ ചേരാനുള്ള ശ്രമത്തിലാണ് ആൻവിൻ.

ചെങ്ങമനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട നെടുവന്നൂർ ഉറവഴി കനാൽ മുതൽ റെയിൽവെ ഗേറ്റ് വരെ നിരവധി വീടുകളിലും പറമ്പുകളിലും കൃഷിയിടങ്ങളിലുമാണ് കെ റെയിലിന് വേണ്ടി കുറ്റി അടിച്ചിട്ടുള്ളത്. വായ്പ അടക്കമുള്ള പ്രതിസന്ധികൾ പുറത്തറിഞ്ഞതോടെപ്രതിഷേധ സമരങ്ങളും നിയമ നടപടികളും ശക്തമാക്കാനുള്ള നീക്കത്തിലാണ് കെ റെയിൽ വിരുദ്ധ സംയുക്ത സമരസമിതി.

Tags:    
News Summary - Bank loan denied due to K rail stone laying in house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.