വാണിജ്യ-വ്യാപാരമേഖല സ്തംഭിച്ചു; ജനം നെട്ടോട്ടത്തില്‍

തിരുവനന്തപുരം: അപ്രതീക്ഷിത നോട്ട് അസാധുവാക്കല്‍ ജനജീവിതം ദുസ്സഹമാക്കി. വാണിജ്യ-വ്യാപാരമേഖല സ്തംഭിച്ചു. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ആശുപത്രിയില്‍ മരുന്ന് വാങ്ങാനോ ഹോട്ടലില്‍ കയറി വിശപ്പടക്കാനോ പോലുമാകാതെ ജനം നരകിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും പെട്രോള്‍ പമ്പുകളിലും ചെറിയ നോട്ടുകള്‍ മാറിക്കിട്ടാനുള്ള തിക്കുംതിരക്കും സംഘര്‍ഷത്തിലത്തെി. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഭൂരിഭാഗവും വലിയ നോട്ടുകള്‍ സ്വീകരിച്ചെങ്കിലും ബാക്കി കൊടുക്കാന്‍ ചില്ലറയില്ലാതെ പ്രതിസന്ധിയിലായി. പെട്രോള്‍ ബങ്കുകള്‍ ചില്ലറ നല്‍കാതെ വലിയ തുകക്ക് ഇന്ധനം നിറച്ചുകൊടുക്കുകയായിരുന്നു. സഹകരണ ബാങ്കുകളില്‍ ഇടപാട് നടന്നില്ല. വൈദ്യുതിബോര്‍ഡില്‍ 500, 1000 രൂപ നോട്ട് നിരസിച്ചു. പോസ്റ്റ് ഓഫിസുകളില്‍ പോലും പണമിടപാടുകള്‍ നടന്നില്ല. ബിസിനസ് മേഖലയും നിര്‍മാണരംഗവും നിശ്ചലമായി. കാര്‍ഡ് അടിസ്ഥാനത്തില്‍ വ്യാപാരം നടക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാത്രമാണ് തിരക്കുണ്ടായത്. 

ഭൂമി കച്ചവടവും രജിസ്ട്രേഷനും പൂര്‍ണമായും സ്തംഭിച്ചു. ഏറെ നാള്‍ ഈ മേഖലയില്‍ പ്രതിസന്ധി തുടരാനാണ് സാധ്യത. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിച്ചു. ദേശീയപാതയില്‍ ടോള്‍പിരിവ് പ്രതിസന്ധിയിലായി. 500-1000 നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ വാഹനങ്ങളുടെ വലിയ നിര ബൂത്തുകളില്‍ രൂപപ്പെട്ടു.കൈവശമുള്ള പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ ഉണ്ടായിട്ടില്ളെന്നും ഇത് സഹകരണമേഖലയില്‍ കനത്ത അരാജകത്വം സൃഷ്ടിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ചില സര്‍വകലാശാലകള്‍ പരീക്ഷാഫീസിന് കൂടുതല്‍ സമയം നല്‍കിയിട്ടുണ്ട്. സംസ്ഥാന ട്രഷറിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ശനി, ഞായര്‍ അവധികള്‍ കൂടി വരുന്നതിനാല്‍ ട്രഷറി തടസ്സം നാലുദിവസം നീണ്ടേക്കും. വെള്ളി, ശനി ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പുകള്‍ അടുത്ത ആഴ്ചത്തേക്ക് മാറ്റി. കെ.എസ്.എഫ്.ഇ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടി ലേലം മാറ്റി.റിസര്‍വ് ബാങ്കില്‍ നിന്ന് പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിത്തുടങ്ങി. 2000 രൂപയുടെ നോട്ടുകളാണ് ഇതില്‍ കൂടുതലും. 500ന്‍െറ നോട്ടുകളും എത്തിയതായാണ് വിവരം. പുതിയ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ബാങ്കുകള്‍ വ്യാഴാഴ്ച പ്രവര്‍ത്തിക്കും; എ.ടി.എമ്മുകള്‍ നാളെ മുതലും. എന്നാല്‍, അടുത്ത ഏതാനും ആഴ്ചകളില്‍ എ.ടി.എമ്മുകള്‍ വഴിയും ബാങ്ക് വഴിയും പണമിടപാടിന് നിയന്ത്രണമുണ്ട്. 


ബാങ്കുകള്‍ ശനി, ഞായര്‍ പ്രവര്‍ത്തിക്കും
ന്യൂഡല്‍ഹി: മുന്തിയ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്ന പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്തെ എല്ലാ ബാങ്കുകളും വരുന്ന ശനി, ഞായര്‍ (നവംബര്‍ 12, 13) ദിവസങ്ങളില്‍ പതിവുപോലെ പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അതോടൊപ്പം പുതിയ നോട്ടുകള്‍ വെള്ളിയാഴ്ച എ.ടി.എമ്മുകളില്‍ ലഭ്യമാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 

500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ക്കായി ബുധനാഴ്ച ബാങ്കുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അസാധുവായ നോട്ടുകള്‍ക്ക് പകരം നോട്ട് നല്‍കുന്ന നടപടി പൂര്‍ത്തിയാക്കാന്‍ വൈകുന്നതിനാല്‍ വ്യാഴാഴ്ചയും ബാങ്ക് പ്രവര്‍ത്തനം തകരാറിലായേക്കും. എ.ടി.എമ്മുകള്‍ തുറക്കാനിടയില്ല. ഇതിനെല്ലാം പിന്നാലെ രണ്ട് അവധി ദിവസങ്ങള്‍കൂടി വരുന്നത് സമ്പദ്രംഗം നിശ്ചലമാക്കുമെന്ന സ്ഥിതി വന്നതോടെയാണ് രണ്ട് അവധി ദിനങ്ങള്‍ വേണ്ടെന്നുവെക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. 

അസാധുവാക്കിയ 500ന്‍െറയും 1000ത്തിന്‍െറയും നോട്ടുകള്‍ സ്വീകരിക്കുന്ന കൂടുതല്‍ ഇടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ നവംബര്‍ 11ന് അര്‍ധരാത്രി വരെ നോട്ടുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മെട്രോ റെയില്‍, ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് മരുന്ന് വാങ്ങുന്നതിന്, റെയില്‍വേ ടിക്കറ്റുകള്‍ക്ക്, എയര്‍ ടിക്കറ്റുകള്‍ക്ക്, പൊതുഗതാഗത സംവിധാനങ്ങള്‍ക്ക്, പാല്‍ വിപണന കേന്ദ്രങ്ങള്‍, ശ്മശാനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ പഴയ നോട്ടുകള്‍ എടുക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പുതുതായി നല്‍കിയിരിക്കുന്നത്.


 

Tags:    
News Summary - bank note ban sparks cash chaos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.