മദ്യശാല പൂട്ടൽ: പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ മറ്റ് മാർഗങ്ങൾ തേടി സംസ്ഥാന സർക്കാർ നീക്കം. മദ്യശാലകള്‍ സ്ഥാപിക്കാനുള്ള ചട്ടങ്ങളിൽ സർക്കാർ ഇളവുകൾ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനത്തിന്‍റെ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കും. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.

സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സർക്കാർ സര്‍വകക്ഷിയോഗം വിളിക്കുമെന്നും വിവരമുണ്ട്. മദ്യശാലകൾ പൂട്ടിയത് വഴിയുണ്ടായ വരുമാന നഷ്ടവും ക്രമസമാധാന പ്രശ്നവും ചർച്ച ചെയ്യുവാൻ വേണ്ടിയാണിത്. മദ്യ വിൽപന ശാലകൾ പൂട്ടിയത് വഴി വരുമാനത്തിൽ വലിയ നഷ്ടം നേരിട്ടതായി ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബാറുകളും മദ്യശാലകളും പൂട്ടിയതോടെ  ഇക്കൊല്ലം നികുതി വരുമാനത്തിൽ 4,000 കോടിയോളം രൂപയുടെ കുറവുണ്ടാവുമെന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തൽ. 8,000 കോടിയാണ് ഈ ഇനത്തിൽ സർക്കാർ പ്രതീക്ഷിച്ചിരുന്നത്. വരുമാന നഷ്ടം സർക്കാറിന്‍റെ വാർഷിക പദ്ധതിയെ പ്രതികൂലമായി ബാധിക്കും.

മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലാണ് അഡ്വക്കെറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടിയിരുന്നു.

ദേശീയ, സംസ്ഥാന പാതയോരത്തിന് 500 മീറ്റര്‍ ചുറ്റളവിലുള്ള കള്ള് ഷാപ്പ് അടക്കമുള്ള എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തിലായത്‌. ഇതുപ്രകാരം 11 പഞ്ചനക്ഷത്രബാറുകൾ അടച്ചുപൂട്ടിയിരുന്നു.

 

 

Tags:    
News Summary - bar ban kerala govt will issue special ordinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.