കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍. ബിന്ദു രാജിവെക്കണമെന്ന് വി.ഡി സതീശൻ

കൊച്ചി:കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍. ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ആര്‍. ബിന്ദു അടിയന്തിരമായി രാജിവെക്കണമെന്ന് ആവശ്യപ്പെടാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധി. ബി.ജെ.പിയും സി.പി.എമ്മും തമ്മിലും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലും അവിഹിതമായ കൊടുക്കല്‍ വാങ്ങലുകളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതി വിധിയോടെ ഇത് വ്യക്തമായി.

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം ശരിയാണെന്ന് സുപ്രീം കോടതി പറഞ്ഞെന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സുപ്രീം കോടതി വിധിയുടെ 79, 80, 81, 85, 86 ഖണ്ഡികകള്‍ മുഖ്യമന്ത്രി വായിച്ചു നോക്കണം. വി.സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് വി.സി നിയമനത്തില്‍ ഇടപെടാനുള്ള അധികാരമില്ലെന്നും പറയുന്നുണ്ട്.

സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ് നിയമവിരുദ്ധമായി ഗവര്‍ണര്‍ വി.സിക്ക് പുനര്‍ നിയമനം നല്‍കിയതെന്നും ഉത്തരവിലുണ്ട്. വിധിയില്‍ ഇങ്ങനെ എഴുതി വച്ചിട്ടും മന്ത്രിയും ഗവര്‍ണറും തമ്മില്‍ നടന്നത് വെറും കത്തിടപാട് മാത്രമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന് ഇതേക്കുറിച്ച് പറഞ്ഞു കൊടുത്ത ആളുകളും സുപ്രീം കോടതി വിധി വായിച്ചിട്ടില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയ ഇടപെടല്‍ അനധികൃതവും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി തന്റെ ജില്ലയിലാണ് കണ്ണൂര്‍ സര്‍വകലാശാലയെന്നും അതുകൊണ്ട് വി.സിക്ക് പുനര്‍നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉന്നതവിദ്യാഭ്യാസമന്ത്രി കത്ത് നല്‍കിയത്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഗവര്‍ണര്‍ എല്ലാം ചെയ്തുകൊടുത്തിട്ടും ഗവര്‍ണറാണ് കുറ്റവാളിയെന്നും ഗവര്‍ണര്‍ രാജിവയ്ക്കണമെന്നുമാണ് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പറയുന്നത്. എല്ലാ വൃത്തികേടുകളും ചെയ്യിപ്പിച്ച ശേഷം ഗവര്‍ണറോട് മുഖ്യമന്ത്രി ചെയ്യുന്നത് ചതിയാണ്. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പിണറായി വിജയനും യോഗ്യതയില്ല. വി.സിയുടെ പുനര്‍നിയമനം ഗവര്‍ണറുടെയല്ല, മുഖ്യമന്ത്രിയുടെ താല്‍പര്യമായിരുന്നു. എന്നിട്ടും ഗവര്‍ണറോട് ചതി ചെയ്ത ഇവരെ ഇനി മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വിശ്വസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ഈ പണി ചെയ്യരുതെന്ന് ഗവര്‍ണറോട് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍ അന്ന് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കള്ളക്കളിയായിരുന്നു. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഇരുവരും യുദ്ധത്തിന് ഇറങ്ങും.

അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, നവകേരള സദസിന് വേണ്ടി തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന് നിർദേശിച്ച് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം പിരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. പറവൂരില്‍ കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി പണം നല്‍കാനുള്ള നഗരസഭ സെക്രട്ടറിയുടെ തീരുമാനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. ഇന്ന് ഹൈക്കോടതി ശാരദാ മുരളീധരന്റെ ഉത്തരവ് സ്‌റ്റേ ചെയ്തു. പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. നാട്ടുകാരുടെ പണം ഉപയോഗിച്ച് നവകേരള സദസ് നടത്തി രാഷ്ട്രീയ പ്രചരണം നടത്തുകയാണ്. വി.സി നിയമനത്തിലും ശാരദാ മുരളീധരന്റെ ഉത്തരവിന്റെ കാര്യത്തിലും പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് കോടതികളും ശരി വച്ചിരിക്കുകയാണ്.

മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എം.പി ഗംഗാധരനും ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരിലാണ് കെ. കരുണാകരനും കെ.പി വിശ്വനാഥനും ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചത്. വി.സി നിയമനത്തില്‍ നിയമവിരുദ്ധമായാണ് മന്ത്രി ഇടപെട്ടതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും ഉന്നതവിദ്യാഭ്യാസ മന്ത്രി ആ കസേരയില്‍ തൂങ്ങിപ്പിടിച്ച് ഇരിക്കുകയാണ്. മന്ത്രി രാജിവയ്ക്കാനും രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി അവരെ പുറത്താക്കാനും തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി കൂടി കൂട്ടുപ്രതിയാണെന്ന പ്രതിപക്ഷ വാദം ശരിവയ്ക്കപ്പെടും.

സുപ്രീം കോടതി വിധിയിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. പക്ഷെ പുനര്‍നിയമനത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി ഗവര്‍ണറുമാണ്. അന്ന് ബി.ജെ.പി കൂടി പറഞ്ഞിട്ടാണ് ഗവര്‍ണര്‍ വി.സി നിയമനം അംഗീകരിച്ചത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ സന്തതിയാണ് കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം. സംസ്ഥാനത്ത് ഒമ്പത് സര്‍വകലാശാലകളില്‍ വി.സിമാരില്ല, 66 കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. കുട്ടികള്‍ കേരളം വിട്ടുപോകുകയാണ്. ഇഷ്ടക്കാരെ നിയമിച്ച് ഉന്നതവിദ്യാഭ്യാസരംഗം തുലച്ചു. ഈ നാട് ഭരിച്ച് മുടിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത നശിപ്പിച്ചവരാണ് നവകേരളസദസുമായി ഇറങ്ങിയിരിക്കുന്നത്.

രാജാവിന്റെ എഴുന്നള്ളത്ത് നടക്കുന്നതിനാലാണ് നവകേരള സദസ് നടക്കുമ്പോള്‍ ആലുവയില്‍ പാചകം ചെയ്യാന്‍ പാടില്ലെന്ന ഉത്തരവിറക്കിയത്. രാജാവ് വരുമ്പോള്‍ സ്‌കൂളിന്റെ മതില്‍ ഇടിക്കുകയും കെട്ടിടം പൊളിക്കുകയും ഗ്യാസ് കുറ്റികള്‍ എടുത്തുകൊണ്ട് പോകുകയും ആളുകളെ മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Based on the court reference. VD Satheesan wants Bindu to resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.