കെ സുരേന്ദ്രൻ 

ബത്തേരി കോഴക്കേസ്: സുരേന്ദ്രനെയും ജാനുവിനെയും ഉടൻ ചോദ്യം ചെയ്യും

കൽപറ്റ: സുൽത്താൻ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിനെയും വയനാട് ക്രൈം ബ്രാഞ്ച് സംഘം ഉടൻ ചോദ്യം ചെയ്യും. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അടുത്തയാഴ്ച അന്വേഷണ സംഘം നോട്ടീസ് നൽകും. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.

നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകൻ സുരേന്ദ്രൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. ജാനുവിന് തിരുവനന്തപുരത്ത് വെച്ച് സുരേന്ദ്രൻ 10 ലക്ഷവും ബത്തേരിയിലെ റിസോർട്ടിൽ വെച്ച് ബി.ജെ.പി ജില്ല ഭാരവാഹികൾ വഴി 25 ലക്ഷവും കൈമാറിയെന്ന് പ്രസീത വെളിപ്പെടുത്തിയിരുന്നു.

റിസോർട്ടിൽ വെച്ച് പൂജദ്രവ്യങ്ങളടങ്ങിയ സഞ്ചിയിൽ പ്രശാന്ത് മലവയലാണ് ജാനുവിന് പണം കൈമാറിയതെന്നും പ്രസീത മൊഴി നൽകിയിരുന്നു. പണം കൈമാറുന്നതുമായി ബന്ധപ്പെട്ട നിർണായക ഫോൺ സംഭാഷണം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് ജാനുവിന്‍റെ തിരുനെല്ലി പനവല്ലിയിലെ വീട്ടിൽ റെയ്ഡ് നടത്തിയ ക്രൈം ബ്രാഞ്ച് സംഘം ഫോണുകളും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു. പ്രശാന്തിന്‍റെ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പ്രതിയായ കേസിൽ പരാമാവധി തെളിവുകൾ ശേഖരിച്ചശേഷം സുരേന്ദ്രനെയും ജാനുവിനെയും ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിലായിരുന്ന തുടക്കം മുതൽ അന്വേഷണ സംഘം. ശാസ്ത്രീയ പരിശോധക്കാനായി ഇവരുടെ ശബ്ദ സാമ്പ്ളും ശേഖരിച്ചിട്ടുണ്ട്. അതേസമയം, കേസിനാസ്പദമായ കാലയളവിൽ ഉപയോഗിച്ച രണ്ടു ഫോണുകൾ ഒരാഴ്ചക്കകം ഹാജരാക്കാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടും സുരേന്ദ്രൻ ഇതുവരെ ഫോണുകൾ ഹാജരാക്കിയിട്ടില്ല.

Tags:    
News Summary - Bathery bribery case: Surendran and Janu will be questioned soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.