ന്യൂഡൽഹി: ലോകം വാഴ്ത്തിയ കേരളത്തിെൻറ ‘കോവിഡ് പോരാട്ട വിജയം’ താഴേക്കു പോകാൻ കാരണമെന്തെന്ന് അന്വേഷിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമം ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (ബി.ബി.സി). രണ്ടു മാസം മുമ്പ് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ലോകമാകെ വിയർക്കുേമ്പാൾ, ഒറ്റപ്പെട്ട വിജയത്തിലേക്ക് അടുക്കുന്നുവെന്ന പ്രതീക്ഷയിലായിരുന്നു കേരളം. എന്നാൽ, ഏറ്റവും ഒടുവിലെ ആഴ്ചകളിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നു. ഇതിനു പിന്നാലെ തീരപ്രദേശ സമൂഹത്തിലൂടെ പ്രാദേശിക വ്യാപനം നടന്നുവെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചുവെന്നും, ഇത്തരത്തിൽ വ്യാപനം നടന്നുവെന്ന് സമ്മതിക്കുന്നത് രാജ്യത്ത് ആദ്യമാണെന്നും ബി.ബി.സിയുടെ ഇന്ത്യ കറസ്പോണ്ടൻറ് സൗത്തിക് ബിശ്വാസ് പേരു വെച്ചെഴുതിയ റിപ്പോർട്ടിൽ പറയുന്നു.
‘‘സംസ്ഥാനത്തിെൻറ അതിർത്തികൾ അടച്ചപ്പോൾ വ്യാപനം തടയപ്പെട്ടിരുന്നു. അതിർത്തികൾ തുറന്നിട്ട ഇപ്പോഴത്തെ അവസ്ഥയിൽ യഥാർഥ വ്യാപനം സംഭവിക്കുകയാണ്.’’ -വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംക്രമിക രോഗവിദഗ്ധൻ ഡോ. ലാൽ സദാശിവനെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
1000ത്തിൽ എത്താൻ നൂറു ദിവസം; ഇന്ന് ദിവസം 800
ജനുവരിയിൽ ചൈനയിലെ വൂഹാനിൽനിന്ന് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർഥിക്കാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ കേസുകൾ വർധിച്ചുവരുകയും ഹോട്സ്പോട്ടാവുകവരെ ചെയ്തു. എന്നാൽ മാർച്ചോടെ, രാജ്യത്തെ ആറു സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കേരളം രോഗബാധിതരുടെ എണ്ണം അതിശയകരമാംവിധം താഴേക്ക് കൊണ്ടുവന്നിരുന്നു. മേയ് മാസത്തോടെ, വ്യവസ്ഥാപിത രീതിയിൽ പരിശോധനയും ക്വാറൻറീനും ഉറവിടം കണ്ടെത്തലും നടത്തി എണ്ണം പൂജ്യത്തിലേക്കു കൊണ്ടുവന്നു. കേരളം അത്യദ്ഭുതം കാഴ്ചവെച്ചുവെന്നാണ് പകർച്ചവ്യാധി വിദഗ്ധൻ ജയപ്രകാശ് മുളിയിൽ ഇതിനെ കുറിച്ച് പറഞ്ഞത്.
എന്നാൽ, ഇതൊരു അകാലത്തിലുള്ള ആഹ്ലാദമായിരുന്നുവെന്നാണ് പിന്നീടുള്ള വ്യാപനം തെളിയിച്ചതെന്നും ബി.ബി.സി അഭിപ്രായപ്പെടുന്നു. രോഗബാധിതരുടെ എണ്ണം 1000ത്തിൽ എത്താൻ 110 ദിവസമെടുത്തപ്പോൾ ജൂലൈ പകുതിയോടെ ഒറ്റ ദിവസം 800 കേസുകൾ എന്ന നിലയിൽ എത്തി. ജൂലൈ 20ഓടെ ആകെ രോഗബാധിതർ 12000 കടന്നു. 43 മരണവുമുണ്ടായി. 170,000 പേർ ക്വാറൻറീനിലുമുണ്ട്. മലയാളികളുടെ മടക്കവും കാരണം
രോഗം പിടിവിട്ട് പടരുന്ന സംസ്ഥാനങ്ങളിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമുള്ള മടക്കം ഈ കുതിപ്പിന് ഒരു കാരണമായെന്നാണ് ബി.ബി.സി ലേഖകൻ പറയുന്നത്. തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരിൽ 17 ശതമാനവും സംസ്ഥാനത്തിന് പുറത്താണ് എന്നത് ഇതിെൻറ ഗൗരവം കൂട്ടുന്നു. ആകെ രോഗബാധിതരിൽ 7000 ലേറെ പേർക്കും യാത്രാ പശ്ചാത്തലം ഉണ്ടായിരുന്നുവെന്നത് ഈ നിരീക്ഷണം ശരിവെക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോക്ഡൗൺ നീക്കിയപ്പോൾ മലയാളികൾ കൂട്ടമായി കേരളത്തിലേക്ക് വന്നതോടെ രോഗബാധിതരെ മാത്രമായി തടയൽ അസാധ്യമായെന്നാണ് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടത്. എല്ലാവർക്കും സ്വന്തം നാട്ടിലേക്ക് വരാൻ അവകാശമുള്ളതുകൊണ്ട് ഇൗ സാഹചര്യം ഒഴിവാക്കാനാവില്ലെന്നും തരൂർ പറഞ്ഞു. ലോക്ഡൗൺ നീക്കിയപ്പോൾ മുൻകരുതൽ സ്വീകരിക്കാതെ പുറത്തിറങ്ങുന്നത് കൂടിയതും വ്യാപനത്തോത് കൂട്ടി.
പരിശോധന കുറവെന്ന് ആക്ഷേപം
ഇതിനിടെ ഏപ്രിൽ, മേയ് മാസങ്ങളിൽ രോഗബാധതിരുടെ എണ്ണം കുറഞ്ഞപ്പോൾ പരിശോധന കുറച്ചുവെന്ന് ചില വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ദിവസം 9000 പരിശോധനകൾ നടത്തുേമ്പാൾ ഏപ്രിലിൽ ഇത് 663 ആയിരുന്നു. ആന്ധ്രപ്രദേശിനെയും തമിഴ്നാടിനെയും അപേക്ഷിച്ച് കേരളത്തിൽ പരിശോധന കുറവാണെന്നും ഇവർ ആരോപിക്കുന്നു. അതേസമയം, രാജ്യത്ത് ഏറ്റവും വലിയ വ്യാപനം നടന്ന മഹാരാഷ്ട്രയേക്കാൾ കൂടുതലാണ് കേരളത്തിലെ പരിശോധനയുടെ എണ്ണം.
എങ്കിലും കേരളം തന്നെ ബെസ്റ്റ്
ഇതൊക്കെയാണെങ്കിലും കേരളം ഏറ്റവും നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചത് എന്നാണ് ഭൂരിഭാഗം പകർച്ചവ്യാധി വിദഗ്ധരും വിലയിരുത്തുന്നതെന്നും േലഖകൻ സമ്മതിക്കുന്നുണ്ട്. കോവിഡ് മരണങ്ങളിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സംസ്ഥാനത്തിേൻറത്. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിട്ടില്ല. നൂറുകണക്കിന് ഗ്രാമങ്ങളിൽ വ്യവസ്ഥാപിതമായ രീതിയിൽ ഫസ്റ്റ്ലൈൻ കോവിഡ് ചികിത്സകേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.