ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച വിവാദ ട്വീറ്റിൽ നിന്നുമാറാതെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ അനിൽ ആൻറണി. പാർട്ടി താൽപര്യത്തെക്കാൾ രാജ്യതാത്പര്യമാണ് വലുതെന്ന് അദ്ദേഹം പറഞ്ഞു. മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു അനിലിന്റെ പ്രതികരണം. ബി.ബി.സിയെക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് വിശ്വാസമെന്നും അനിൽ പറഞ്ഞു. അതേസമയം ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായ നിലപാട് പറയാൻ അനിൽ തയ്യാറായില്ല. ഇതേസമയം ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച അനിൽ ആന്റണിയെ കോൺഗ്രസും യൂത്ത് കോൺഗ്രസും തള്ളി.
അനിൽ ആന്റണിയുടെ നിലപാട് യൂത്ത് കോൺഗ്രസ് നിലപാടല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അനിൽ ആന്റണിക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു. അനിലിന്റേത് പാർട്ടി നിലപാടല്ല. പാർട്ടി നിലപാട് രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് അനിൽ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യൂമെന്റിയായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുധാകരന്‍. ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാര്‍ നയമാണ്. ഗുജറാത്ത് കലാപ കാലത്ത് രാജ്യധര്‍മ്മം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്ററിയല്ല,മറിച്ച് ബിജെപി പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്. അധികാരവും പണക്കൊഴുപ്പും കൊണ്ട് വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഇരുള്‍ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ബിബിസി ഡോക്യുമെന്ററിയിലൂടെ വിളിച്ച് പറഞ്ഞ സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.