കോഴിക്കോട് ബീച്ചിലെ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം; വിദ്യാർഥികൾ അറസ്റ്റിൽ

ബി.ബി.സിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്‍ററി കോഴിക്കോട് ബീച്ചില്‍ പ്രദര്‍ശിപ്പിച്ച ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പൊതുസ്ഥലത്ത് അനുമതിയില്ലാതെയാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.

പ്രദര്‍ശനത്തിന് ഉപയോഗിച്ച സ്പീക്കര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഇതോടെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ബി.ബി.സി ഡോക്യുമെന്ററി ഇന്നും സംസ്ഥാനത്ത് പലയിടത്തും പ്രദർശിപ്പിച്ചു. എറണാകുളം ലോ കോളജിൽ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിക്കാൻ തുടങ്ങിയപ്പോള്‍ നാടകീയ രംഗങ്ങളുണ്ടായി. പ്രദര്‍ശനം തടയാന്‍ പ്രിന്‍സിപ്പലിന്റെ നിർദേശ പ്രകാരം ജീവനക്കാർ ഫ്യൂസ് ഊരി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ ഒരു മണിക്കൂറിന് ശേഷം വൈദ്യുതി പുനസ്ഥാപിച്ചു.

കലാലയങ്ങളും പൊതുവിടങ്ങളും കേന്ദ്രീകരിച്ച് പ്രദർശനം തുടരാൻ തന്നെയാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. തിരുമലയിലും വഞ്ചിയൂരിലും ഡി.വൈ.എഫ്.ഐയും കരമനയിൽ യൂത്ത് കോൺഗ്രസും പ്രദർശനം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രദർശനം ഉണ്ടാകും.

എന്നാൽ പ്രദർശനം തടയുമെന്ന് നിലപാടിലാണ് ബി.ജെ.പി. തിരുവനന്തപുരം പൂജപ്പുരയിലും മാനവിയം വീഥിയിലുമായി ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധിച്ച 48 ബി.ജെ.പി - യുവമോർച്ച പ്രവർത്തകരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡൽഹി, ഹൈദരാബാദ്, കൽക്കത്ത എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുണ്ട്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് തെളിവുകൾ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Tags:    
News Summary - BBC Documentary Screening at Kozhikode Beach; The students were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.