കുമളി: ജനവാസമേഖലയായ അട്ടപ്പള്ളത്ത് കരടിയെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് റോഡ് കുറുകെ കടന്ന് കരടി പോകുന്നത് ഒന്നാം മൈലിലെ വ്യാപാരിയായ സാജൻ കണ്ടത്. രാവിലെ കടയിലേക്ക് പോകാൻ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു സാജൻ. കരടിയെ കണ്ട വിവരം നാട്ടുകാരെയും വനപാലകരെയും അറിയിച്ചതോടെ പ്രദേശമാകെ വ്യാപക തിരച്ചിൽ നടന്നു.
ഇതിനിടെ, പഞ്ചായത്ത് മത്സ്യമാർക്കറ്റിന്‍റെ പിൻഭാഗത്ത് ഒട്ടകത്തലമേടിന്‍റെ അടിവാരം ഭാഗത്ത് നാട്ടുകാർ വീണ്ടും കരടിയെ കണ്ടു. വലുപ്പം കുറഞ്ഞ കരടിയായതിനാൽ ഇതിനൊപ്പം അമ്മക്കരടിയും മറ്റ് കരടി കുഞ്ഞുങ്ങളും കാണാനുള്ള സാധ്യതയും ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.
വർഷങ്ങൾക്കുമുമ്പ് ഇവിടെനിന്ന് ഏറെ അകലെയല്ലാത്ത സ്ഥലത്ത് കരടി കർഷകനെ ആക്രമിച്ചിരുന്നു. കടന്തോട്ട് മാമച്ചൻ എന്ന കർഷകനാണ് അന്ന് ഗുരുതര പരിക്കേൽക്കുകയും കാഴ്ച നഷ്ടമാവുകയും ചെയ്തത്. ഇതിനുപിന്നാലെ പ്രദേശത്ത് വീണ്ടും കരടിയെ കണ്ടതോടെ നാട്ടുകാർ വലിയ ഭീതിയിലായി.
ജനവാസമേഖലയിൽ കരടിയിറങ്ങിയെന്ന വിവരം ലഭിച്ചതോടെ കുമളി റേഞ്ച് ഓഫിസർ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ വനപാലകരും തേക്കടിയിൽനിന്ന് ദ്രുത കർമ സേനയും സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി. കരടിയെ കണ്ടെത്താൻ പല ഭാഗങ്ങളിലായി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.