തിരുവനന്തപുരം: വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകളുള്ള ട്രെയിനുകളെത്തുമ്പോൾ കേരളത്തിന് രണ്ടെണ്ണം ലഭിക്കുമെന്ന് പ്രതീക്ഷ. ഇതിനുള്ള ശിപാർശ റെയിൽവേ ബോർഡ് സജീവമായി പരിഗണിക്കുകയാണെന്നാണ് റിപ്പോർട്ട്. കന്യാകുമാരി-ശ്രീനഗർ, കൊച്ചുവേളി ബംഗളൂരു റൂട്ടുകളിലാവും ട്രെയിൻ സർവീസ് നടത്തുക.
കന്യാകുമാരി-ശ്രീനഗർ റൂട്ടിൽ കൊങ്കൺ വഴിയാകും സർവീസുണ്ടാവുക. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും സർവീസെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീനഗറിന് തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെയാകും സർവീസ്. ഉധംപൂർ-ശ്രീനഗർ-ബാരമുള്ള റെയിൽവേ പാത കമീഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്.
ബംഗളൂരുവിലെ ബെമൽ കമ്പനിയിലാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നത്. വർഷാവസാനത്തോടെ കമ്പനി 10 വന്ദേഭാരത് ട്രെയിനുകൾ റെയിൽവേക്ക് കൈമാറും. രാജധാനിക്ക് സമാനമായി ആധുനിക സൗകര്യങ്ങളുള്ള പൂർണമായും ശീതികരിച്ച കോച്ചുകളാവും വന്ദേഭാരതിനും ഉണ്ടാവുക.
മാർച്ചോടെ വന്ദേഭാരത് സ്ലിപ്പർ ട്രെയിനുകളുടെ സർവീസ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. ആഗസ്റ്റ് പകുതിയോടെ ട്രെയിനുകളുടെ പരീക്ഷണയോട്ടം ആരംഭിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിക്കുന്നത്. ഈ വർഷം തന്നെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലെത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.