ബംഗളൂരു ഇരട്ടക്കൊല: മലയാളി സി.ഇ.ഒ വിനുകുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കോട്ടയം: ബംഗളൂരുവിൽ ക്വട്ടേഷൻ സംഘങ്ങൾ വെട്ടിക്കൊന്ന എയറോണിക്‌സ് മീഡിയ സി.ഇ.ഒ കോട്ടയം സ്വദേശി ആർ. വിനുകുമാറിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. വ്യാഴാഴ്ച രാവിലെ ആറോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കുഴിമറ്റം രുക്മിണി വിലാസത്തിൽ പരേതനായ രവീന്ദ്രൻ നായരുടെയും രുക്മണിയമ്മയുടെയും മകനായ വിനുകുമാർ ചൊവ്വാഴ്ച വൈകീട്ടാണ് കൊല്ലപ്പെട്ടത്.

എയറോണിക്‌സ് മീഡിയ എം.ഡി ഫണീന്ദ്ര സുബ്രഹ്മണ്യയും മരിച്ചിരുന്നു. കൊലപാതകത്തിന്‍റെ സൂത്രധാരനും മറ്റൊരു ഐ.ടി കമ്പനിയായ ജിനറ്റിന്‍റെ മേധാവിയുമായ അരുൺ കുമാർ ആസാദ്, എയറോണിക്‌സിലെ മുൻജീവനക്കാരൻ ഫെലിക്‌സ്, സന്തോഷ്, വിനയ് റെഡ്ഡി എന്നിവരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിസിനസ് വൈരാഗ്യംമൂലം വിനുവിനെയും ഫണീന്ദ്രയെയും കൊല്ലാൻ ഫെലിക്‌സിന് അരുൺ ക്വട്ടേഷൻ നൽകുകയായിരുന്നു.

കോട്ടയത്തെ ആപ്പിൾ ട്രീ ചിട്ടി ഫണ്ട് തട്ടിപ്പുകേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് വിനുകുമാർ. സഹോദരൻ: പരേതനായ വിനോദ്. ഭാര്യ: ശ്രീജ. മക്കൾ: അഭിനന്ദ്, ഋഷിനന്ദ്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് മെംബർ പി.കെ. വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെംബർ സിബി ജോൺ, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, വൈസ് പ്രസിഡന്റ് റോയ് മാത്യു, പഞ്ചായത്ത് മെംബർ ജീന ജേക്കബ്, ബി.ജെ.പി ജില്ല സെക്രട്ടറിമാരായ ഡോ. ലിജി വിജയകുമാർ, എസ്. രതീഷ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

Tags:    
News Summary - Bengaluru double Murder: Malayali CEO Vinukumar's funeral held at kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.