തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ വനം മേധാവിയായി ബെന്നിച്ചൻ തോമസിനെ നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവിലുള്ള വനം മേധാവി പി.കെ. കേശവൻ ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ബെന്നിച്ചൻ തോമസിന്‍റെ നിയമനം.
പുതിയ വനം മേധാവി സ്ഥാനത്തേക്ക് ബെന്നിച്ചന്റെ പേര് ചീഫ് സെക്രട്ടറി അധ്യക്ഷനായ സെർച്ച് കമ്മിറ്റി കഴിഞ്ഞാഴ്ച ശിപാർശ ചെയ്തിരുന്നു. 1988 ബാച്ച് കേരള കേഡർ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരിൽ സീനിയറാണ്. തുടർച്ചയായി 34 വർഷം വനംവകുപ്പിൽതന്നെ സേവനമനുഷ്ഠിച്ച വ്യക്തിയെന്ന പ്രത്യേകതയുള്ള ബെന്നിച്ചൻ തോമസ് വനംവകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനായി പ്രവർത്തിച്ചുവരികയാണ്.
മൂന്നാർ എ.ഡി.സി.എഫ് ആയി സർവിസിൽ പ്രവേശിച്ച ഇദ്ദേഹം മാങ്കുളം, നിലമ്പൂർ, മൂന്നാർ, കോന്നി, കോട്ടയം എന്നിവിടങ്ങളിൽ ഡി.എഫ്.ഒ ആയിരുന്നു. കോട്ടയം കിടങ്ങൂർ ചെമ്പിളാവുകര പുല്ലാട്ടുകുന്നേൽ കെ.വി. തോമസ്- കുട്ടിയമ്മ ദമ്പതികളുടെ ഏഴുമക്കളിൽ നാലാമനാണ് ബെന്നിച്ചൻ തോമസ്. ഭാര്യ: ജോളി. മക്കൾ: ബിറ്റോ, ജ്യുവൽ, ദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.