പഴയ കാമറ കണ്ണടച്ചിട്ടില്ല, അത് ജോലി തുടരുന്നുണ്ട്, ഒരു മാസ​ത്തേക്ക് വെറുതെയിരിക്കുന്നത് എ.ഐ കാമറ മാത്രം

'കോഴിക്കോട്: വാഹനവുമായി റോഡിലിറങ്ങുന്നവരുടെ ഉള്ളിലിപ്പോൾ കാമറയെ കുറിച്ചുള്ള ചിന്തയാണ് ​പ്രധാനം. ഏതെങ്കിലും തരത്തിലുള്ള ഗതാഗത നിയമലംഘനമുണ്ടായാൽ എ.ഐ കാമറയിൽ പതിയു​മോയെന്ന ആശങ്കയാണിതിനു കാരണം. എന്നാൽ, സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘങ്ങള്‍ക്ക് മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇത്, താൽകാലിക ആശ്വാസമായെടുത്തിരിക്കുകയാണ് എല്ലാവരും. എന്നാൽ, പഴയ കാമറകൾ എല്ലാം കാണുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ, നിരത്തിലെ നിര്‍മിതബുദ്ധിയുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കാമമറാദൃശ്യങ്ങളിലെ നിയമലംഘനം സ്ഥിരീകരിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പ്രത്യേകസംഘമുണ്ടാകും. മുന്‍നിശ്ചയിച്ച കമാന്‍ഡുകള്‍പ്രകാരം പ്രവര്‍ത്തിക്കുന്ന കാമറകള്‍ക്ക് ഉണ്ടാകാനിടയുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണിത്.

പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ് കാമറകള്‍ തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കയക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കുക. തുടര്‍ന്ന്, ഉറപ്പുവരുത്തിയവയാണ് ജില്ല കണ്‍ട്രോള്‍ റൂമുകളിലേക്കയക്കുക. അതാത് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയാണ് കാമറാദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലെത്തുക. വാഹനമോടിക്കുന്നയാള്‍ കൈകൊണ്ട് ചെവിയില്‍ തൊടുകയോ മറ്റോ ചെയ്താല്‍ കാമറ ഇത് മൊബൈലില്‍ സംസാരിക്കുകയാണെന്ന രീതിയില്‍ നിയമലംഘനമായി വിലയിരുത്തിയേക്കും.

ഇത്തരം ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുകയാണ് ഈ സംഘത്തിന്റെ ചുമതല. വളരെ കൃത്യമായതും ഒരു സംശയത്തിനും ഇടനല്‍കാത്ത രീതിയിലുള്ള നിയമലംഘന ദൃശ്യങ്ങള്‍മാത്രം എടുത്താണ് കെല്‍ട്രോണ്‍ സംഘം ജില്ല കണ്‍ട്രോള്‍ റൂമുകളിലേക്കയക്കുക. സംശയമുള്ളവ ഒഴിവാക്കിയാകും നടപടി സ്വീകരിക്കുക.

തുടര്‍ന്ന്, എന്‍ഫോഴ്സമെന്റ് കണ്‍ട്രോള്‍ റൂമിലെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവ വീണ്ടും പരിശോധിച്ച് നിയമലംഘനമെന്ന് ഉറപ്പുവരുത്തിയാണ് പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുക. രണ്ടുഘട്ടങ്ങളായുള്ള പരിശോധന പൂര്‍ത്തിയാകുന്നതോടെ വിലയിരുത്തല്‍ കൃത്യമാക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.

Tags:    
News Summary - Beware of traffic violators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.