കാസർകോട്: നിലവിൽ ഉൽപാദന പ്രവർത്തനങ്ങൾ നടക്കാത്ത കാസർകോട്ടെ ഭെൽ ഇ.എം.എൽ ഏറ്റെടുക്കൽ നടപടികളുമായി കേരളം മുന്നോട്ടാണെന്നും കേന്ദ്ര സർക്കാറിെൻറ അന്തിമ തീരുമാനത്തിനാണ് കാത്തിരിക്കുന്നതെന്നും മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ അറിയിച്ചു.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിെൻറ ഭാഗമായി ഭെൽ ഇ.എം.എൽ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചിരുന്നു. കമ്പനിയെ പൊതുമേഖലയിൽ തന്നെ നിലനിർത്തുന്നതിനുള്ള ഇടപെടലുകളാണ് പ്രാരംഭമായി കേരള സർക്കാർ നടത്തിയത്. എന്നാൽ, ഇൗ നടപടികൾ ഫലം കണ്ടില്ല. തുടർന്ന് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഭെല്ലിെൻറ 51 ശതമാനം ഓഹരികൾ ഒരുരൂപ വിലക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ കേരള സർക്കാർ തലത്തിൽ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കാര്യത്തിലാണ് കേന്ദ്ര സർക്കാറിെൻറ അന്തിമ തീരുമാനത്തിന് കാത്തിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേക്കും മറ്റും ആവശ്യമായ വിവിധ ആൾട്ടർനേറ്റേഴ്സാണ് (എ.സി വൈദ്യുതിപ്രവാഹം ഉണ്ടാക്കുന്ന ഡൈനാമോ) കമ്പനിയുടെ ഉൽപന്നങ്ങൾ. തുടർച്ചയായ നഷ്ടം മൂലം പ്രവർത്തന മൂലധനത്തിലുണ്ടായ ശോഷണവും ഉൽപാദന വിതരണ പ്രക്രിയയിലുണ്ടായ തടസ്സങ്ങളുമാണ് പ്രതിസന്ധിക്ക് കാരണം. എക്സിക്യൂട്ടിവ് കാറ്റഗറിയിലുള്ള ജീവനക്കാരുടെ ശമ്പളം 2018 ഡിസംബർ മുതലും തൊഴിലാളികളുടെ ശമ്പളം 2018 ജനുവരി മുതലും നൽകിയിട്ടില്ല. കമ്പനിയുടെ അപേക്ഷ പ്രകാരം 2018 ഫെബ്രുവരിയിൽ അഞ്ചു കോടി രൂപ കെ.എം.എം.എല്ലിൽനിന്നും സർക്കാർ ലഭ്യമാക്കിയിരുന്നു. 2019 മാർച്ചിൽ 1.5 കോടി രൂപയുടെ സഹായവും നൽകി. 2020 സെപ്റ്റംബറിൽ 15 ലക്ഷം രൂപയുടെ സഹായവും കേരള സർക്കാർ നൽകി. ഭെൽ ഇ.എം.എൽ കമ്പനി കൈമാറ്റത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഭെൽ ജീവനക്കാർ കാസർകോട് ഒപ്പുമരച്ചുവട്ടിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം വ്യാഴാഴ്ച 10ാം ദിവസത്തിലേക്ക് കടന്നു.
കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന റിലേ സത്യഗ്രഹം ഒമ്പത് ദിവസം പിന്നിട്ടു. ഒമ്പതാം ദിന പരിപാടികൾ ബി.എം.എസ് ജില്ല പ്രസിഡൻറ് വി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.കെ.ടി.എഫ് ജില്ല പ്രസിഡൻറ് എ. വാസുദേവൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സെക്രട്ടറി വി. രത്നാകരൻ സ്വാഗതം പറഞ്ഞു. പി.വി. കുഞ്ഞമ്പു, എ. നാരായണൻ, സുന്ദരൻ, ലളിത, ദാമോദരൻ, ശശിധരൻ നായർ എന്നിവർ സംസാരിച്ചു. സമരസമിതി നേതാക്കളായ ടി. അബ്ദുൽ മുനീർ, അനിൽ പണിക്കൻ, കെ.സി. ഷംസു, ബി.എസ്. അബ്ദുല്ല, ടി.വി. ബേബി, കെ.കെ. സുരേഷ്, പ്രദീപൻ പനയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.