മുഖ്യമന്ത്രിയെ തടഞ്ഞത് അപലപനീയം: വി.എം. സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഭോപാലില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടഞ്ഞ മധ്യപ്രദേശ് പൊലീസ് നടപടി അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു.

മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചു -ഉമ്മന്‍ ചാണ്ടി
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭോപാലില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തടഞ്ഞതിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെയാണ് അപമാനിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
നിയമം ലംഘിക്കുന്നവരെയും അക്രമികളെയും നിലക്കുനിര്‍ത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും പകരം മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തടഞ്ഞത് ലജ്ജാകരമാണ്. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, അതിന്‍െറപേരില്‍ ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലും പരസ്പരം പുലര്‍ത്തേണ്ട സാമാന്യ മര്യാദയുടെ നഗ്നമായ ലംഘനമാണ് ഭോപാലില്‍ ഉണ്ടായത്. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ് ഉണ്ടായത്. ഈ സംഭവത്തിന്‍െറ നാണക്കേട് കേരള മുഖ്യമന്ത്രിക്കല്ല മധ്യപ്രദേശ് സംസ്ഥാനത്തിനും അവിടുത്തെ മുഖ്യമന്ത്രിക്കുമാണെന്നും ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു.

കേരള മുഖ്യമന്ത്രിയെ തടഞ്ഞത് ഞെട്ടിച്ചു -കെജ്രിവാള്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലില്‍ പൊലീസ് തടഞ്ഞത് ഞെട്ടിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഭരണഘടന തകര്‍ന്നതാണ് ഭോപാലില്‍ കണ്ടത്. കേരള മുഖ്യമന്ത്രിക്ക് ആര്‍.എസ്.എസ് ഗുണ്ടകളില്‍നിന്ന് സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
മധ്യപ്രദേശ് പൊലീസിന്‍െറയും സര്‍ക്കാറിന്‍െറയും നടപടിയില്‍ സി.പി.എം പോളിറ്റ് ബ്യൂറോയും പ്രതിഷേധിച്ചു. ആര്‍.എസ്.എസ് തീരുമാനം മധ്യപ്രദേശ് സര്‍ക്കാറില്‍ എങ്ങനെ നടപ്പാക്കുന്നു എന്നതിന്‍െറ തെളിവാണ് ഭോപാലിലുണ്ടായതെന്ന് പോളിറ്റ്ബ്യൂറോ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

പിണറായിയെ തടഞ്ഞത് ബി.ജെ.പി അസഹിഷ്ണുതയുടെ തെളിവ് -ഡി. രാജ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശില്‍ തടഞ്ഞത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും അസഹിഷ്ണുതയുടെ തെളിവാണെന്നും ഒരു മുഖ്യമന്ത്രിയുടെ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഇവര്‍ രാജ്യത്തെ സാധാരണക്കാരോട് എങ്ങനെയായിരിക്കും പെരുമാറുകയെന്നും സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ എം.പി. അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്സോ) സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി കണ്ണൂരില്‍ നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
    മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലില്‍ തടഞ്ഞത് ഗൗരവമായി കാണേണ്ട വിഷയമാണ്. പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിനെയാണ് മറ്റൊരു സംസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയത്. അസഹിഷ്ണുതനിറഞ്ഞ സമീപനമാണിത്. ജനാധിപത്യത്തെപോലും ബഹുമാനിക്കാത്തവരാണ് ബി.ജെ.പി. ഒരു രാജ്യം, ഒരു മതം, ഒരു പാര്‍ട്ടി, ഒരു നേതാവ് ഈ മുദ്രാവാക്യമാണ് അവര്‍ ഉയര്‍ത്തുന്നത്. ഏകാധിപത്യപരമായ രീതിയിലേക്കുള്ള പോക്കാണിത്.  രാജ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ നടപടി പ്രാകൃതം -ഐപ്സോ
കണ്ണൂര്‍: ഭോപാലില്‍ പരിപാടിയില്‍ പങ്കെടുക്കാനത്തെിയ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഘ്പരിവാര്‍ ശക്തികളുടെ ശൈലിയും അതിന് കൂട്ടുനിന്ന മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്‍െറ നടപടിയും പ്രാകൃതമാണെന്നും ജനാധിപത്യ വ്യവസ്ഥക്കും ഭരണഘടനക്കും ഭീഷണിയാണെന്നും  ഐപ്സോ സംസ്ഥാനസമ്മേളനം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.  സംഭവത്തെ സമ്മേളനം അപലപിച്ചു.

 

 

Tags:    
News Summary - bhopal issue: leaders support pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.