കൊച്ചി: ഫോർട്ട്കൊച്ചിക്കും മട്ടാഞ്ചേരിക്കും പുറമെ, എറണാകുളം നഗരവും ബിനാലെ 2022 വേദിയാകും. ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരളത്തിലെ മികച്ച 34 കലാകാരന്മാരുടെ നൂറ്റമ്പതോളം സൃഷ്ടികളാണ് പ്രദർശിപ്പിക്കുക.ലോകത്തെവിടെയും സമകാലിക കലയിൽ അനുദിനം വന്നുചേരുന്ന മാറ്റങ്ങളുടെ പ്രതിഫലനം കേരളത്തിലും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രദർശനമെന്ന് ക്യൂറേറ്റർമാരായ ജിജി സ്‌കറിയ, പി.എസ്. ജലജ, രാധ ഗോമതി എന്നിവർ പറഞ്ഞു.
പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) ഉൾപ്പെടെ കലയുടെ വിവിധ സങ്കേതങ്ങൾ അവലംബിക്കുന്ന സൃഷ്ടികളും പ്രദർശനത്തിനുണ്ട്. കൂടുതൽ സൃഷ്ടികൾ ഉള്ളതിനാൽ ഗാലറിയുടെ പുറംവശവും വേദിയുടെ ഭാഗമാക്കി.ഫോർട്ട്കൊച്ചി ആസ്‌പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ് എന്നീ പ്രധാന വേദികൾക്കു പുറമെ കബ്രാൾ യാർഡ്, ടി.കെ.എം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫേ എന്നിവിടങ്ങളിലാണ് പശ്ചിമകൊച്ചിയിൽ പ്രദർശനം. ഷുബിഗി റാവു ക്യൂറേറ്റ് ചെയ്‌ത 90 കലാകാരന്മാരുടെ ഇരുനൂറോളം സൃഷ്‌ടികൾ പ്രധാന വേദികളിൽ പ്രദർശിപ്പിക്കും.
മുസ്രിസിന്റെ ചരിത്ര പെരുമയിലേക്കുള്ള യാത്രയാകും കാശി ആർട്ട് കഫേയിലെയും ഡച്ച് വെയർഹൗസിലെയും പ്രദർശനം. കബ്രാൾ യാർഡിൽ പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ചൊരുക്കിയ താൽക്കാലിക പവിലിയനിലാണ് സെമിനാറുകളും ചർച്ചകളും കലാവതരണങ്ങളും നടക്കുക.
ഇവിടെ 150 പേർക്ക് ഇരിപ്പിടമുണ്ട്. 60 കലാപഠന സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ രചനകൾ ഉൾപ്പെടുത്തിയ സ്‌റ്റുഡന്റ്‌സ് ബിനാലെക്കായി അർമാൻ ബിൽഡിങ്, വി.കെ.എൽ വെയർഹൗസ്, കെ.വി.എൻ ആർകേഡ്, ട്രിവാൻഡ്രം വെയർഹൗസ് നാലു വേദികളുണ്ട്. കുട്ടികളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കുന്ന ആർട്ട് ബൈ ചിൽഡ്രൻ മറ്റൊരു ആകർഷണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.