പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ വീണ്ടും ‘കൈകൊടുക്കൽ’ വിവാദം. ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിന് കൈ കൊടുക്കാൻ എൻ.എൻ കൃഷ്ണദാസ് വിസമ്മതിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. വോട്ട് രേഖപ്പെടുത്താൻ കൽപ്പാത്തിയിലെ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം. സി. കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും എന്‍.എന്‍. കൃഷ്ണദാസ് മുഖം തിരിച്ച് പോയി എന്നാണ് ആരോപണം.
കൃഷ്ണദാസിന്‍റെ നടപടിയെ രൂക്ഷ ഭാഷയിലാണ് കൃഷ്ണകുമാർ പ്രതികരിച്ചത്. സാമാന്യ മര്യാദ പോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സി.പി.എമ്മിന്‍റെ ശാപമെന്നും ഇത്രയും സംസ്‌കാര ശൂന്യനായ നേതാവ് പാലക്കാട് വേറെയില്ലെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കൈ കൊടുക്കാത്ത സംഭവത്തിൽ വിശദീകരണവുമായി കൃഷ്ണദാസ് രംഗത്തെത്തി. കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നതിനാല്‍ ബുദ്ധിമുട്ടാകേണ്ടെന്ന് കരുതിയാണ് സംസാരിക്കാതിരുന്നതെന്ന് കൃഷ്ണദാസ് വിശദീകരിച്ചു.
പാലക്കാട്ടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എം.പിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. സരിന് കൈകൊടുക്കാത്തത് നേരത്തെ വാർത്തകൾക്ക് വഴിവെച്ചിരുന്നു.
പാലക്കാട്ടെ ബി.ജെ.പി നേതാവ് നടേശന്‍റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിച്ചത്. സരിന്‍ പേര് വിളിച്ചിട്ടും രാഹുല്‍ കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം, രാഹുലും ഷാഫിയും മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു.
സരിന്‍ പല തവണ രാഹുലിന്‍റെയും ഷാഫിയുടെയും പേര് വിളിച്ചു. കേള്‍ക്കാതെ പോയതോടെ ഇത് മോശമാണെന്നും കുഴപ്പമില്ലെന്നും സരിൻ വ്യക്തമാക്കി.
പ്രഹസനത്തിന് വേണ്ടി താൻ കൈ കൊടുക്കാറില്ലെന്നും സരിനോട് പിണക്കമില്ലന്നുമാണ് സംഭവത്തോട് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.