ദിലീപിനും ശരത്തിനും വലിയ ഗുണ്ടാ ഗ്യാങ്ങുകൾ; വെളിപ്പെടുത്തലുമായി നിര്‍മാതാവ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കേസിലെ പ്രതികളായ ദിലീപും ശരത്തുമുള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുരുതര ആരോപണവുമായി വ്യവസായിയും നിര്‍മാതാവുമായ സലീം. ഇവർ തനിക്കെതിരെയും ഗൂഢാലോചന നടത്തിയെന്നാണ് സലീം ആരോപിക്കുന്നത്. ആലുവ കേന്ദ്രീകരിച്ച് ദിലീപിന് വലിയ ഗുണ്ടാ സംഘമുണ്ടെന്നും സലിം പറഞ്ഞു. മലയാളം വാർത്താ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശരത്തും സംഘവും തന്നെ കള്ളക്കേസില്‍ കുരുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ പരാതി നല്‍കിയപ്പോള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ദിലീപാണെന്നും സലിം പറഞ്ഞു.

വിദേശ ജോലിയുമായി ബന്ധപ്പെട്ട് താന്‍ 2018ല്‍ ഒരു കേസിലകപ്പെട്ടിരുന്നു. തന്റെ ഖത്തറിലെ സ്ഥാപനത്തിലെ മാനേജരായ ആലുവ ചെമ്മനങ്ങാട് സ്വദേശി സജീവന്‍ ജോലി വാഗ്ദാനം ചെയ്ത് ആലുവയില്‍ നിന്നുള്ള ഒരു യുവതിയെ ഖത്തറിലെത്തിച്ചു. എന്നാല്‍ പറഞ്ഞ ശമ്പളമില്ലെന്ന് പറഞ്ഞ് യുവതി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

ഇതോടെ തന്നെ പ്രതിയാക്കി യുവതിയുടെ ബന്ധുക്കള്‍ മനുഷ്യക്കടത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ ഇതൊന്നുമറിഞ്ഞിരുന്നില്ല. സിനിമയുടെ പൂജയ്ക്ക് നാട്ടിലെത്തിയ തന്നെ ആലുവ പൊലീസ് കസറ്റഡിയിലെടുക്കുകയും ചെയ്തതായി സലിം പറഞ്ഞു.

ഈ കേസില്‍ സലീമിനെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടാനായിരുന്നു ശരത്തിന്റെ ശ്രമമെന്നും സലിം പറയുന്നു. ആലുവ പൊലീസ് സ്റ്റേഷനിലേക്ക് വന്ന മുന്‍പരിചയമില്ലാത്ത ശരത് തന്നെ പുറത്തിറക്കാമെന്ന് ഉറപ്പു നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇടപെട്ട് പുറത്തിറക്കാമെന്നായിരുന്നു വാഗ്ദാനം. അഞ്ച് കോടി നല്‍കിയിരുന്നെങ്കില്‍ ദിലീപ് അകത്ത് കിടക്കില്ലായിരുന്നെന്നും ശരത് ഉദാഹരണമായി എന്നോട് പറഞ്ഞു. 50 രൂപ നല്‍കണമെന്നാണ് ശരത്ത് ആവശ്യപ്പെട്ടത്. 50000 രൂപയായിരിക്കും ഉദ്ദേശിച്ചത് എന്ന് കരുതി സുഹൃത്ത് വഴി 50000 രൂപ ശരത്തിനെത്തിച്ച് കൊടുത്തു. എന്നാല്‍ 50 ലക്ഷം രൂപയാണ് തനിക്ക് വേണ്ടതെന്ന് ശരത്ത് പറഞ്ഞു. ഇത് നല്‍കാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. പിറ്റേദിവസം എനിക്ക് ഒരു ലക്ഷം രൂപ ബോണ്ടില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് ജാമ്യം ലഭിക്കുകയായിരുന്നു,' സലിം പറഞ്ഞു.

ജാമ്യം ലഭിച്ചതിനു പിന്നാലെ ഈ സംഭവത്തില്‍ അന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെന്നും ശരത്, ബൈജു ചെമ്മനങ്ങാട്, അന്നത്തെ പൊലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു കേസ് കൊടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരത്തിനെതിരെ കേസ് വന്നതോടെയാണ് ദിലീപ് രംഗത്തെത്തുന്നത്. ദിലീപിന് തന്നോട് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും ശരത്തിനെ കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് തന്നെ നിരന്തരം സമീപിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ദിലീപും താനുമായി ഫോണിലൂടെ വലിയ വാക്ക് തര്‍ക്കമുണ്ടായെന്നും സലിം പറഞ്ഞു. ശരത്തും ദിലീപും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയൊരു ഗ്യാങ്ങാണെന്നും സ്റ്റേഷനില്‍ വരുന്ന കേസുകള്‍ ഒത്തുതീര്‍ത്ത് വലിയ തുക വാങ്ങുന്നവരാണിവരെന്ന് അന്ന് തനിക്ക് മനസ്സിലായെന്നും സലിം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Big goon gangs working for Dileep and Sarath; Producer with disclosure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.