തിരുവനന്തപുരം: കെ.എം. മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നുനൽകാമെന്ന് സി.പി.എം നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി ബാർ കോഴക്കേസിലെ പരാതിക്കാരനും വ്യവസായിയുമായ ബിജു രമേശിെൻറ വെളിപ്പെടുത്തൽ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടുതന്നെയാണ് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനെയും ഇൗ വിഷയവുമായി ബന്ധപ്പെട്ട് താൻ കണ്ടിരുന്നു.
എന്നാൽ, ഇപ്പോൾ ഇതുസംബന്ധിച്ച കേസ് ഒഴിവാക്കി മാണിയെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. അത് സംഭവിച്ചാല്‍ എൽ.ഡി.എഫ് വഞ്ചിച്ചെന്ന് പറയേണ്ടിവരും. തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ എൽ.ഡി.എഫ് നൽകിയ ഉറപ്പിൽനിന്ന് പിന്നാക്കം പോയെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. കേസ് ഒഴിവാക്കി കെ.എം. മാണിയെ കുറ്റമുക്തനാക്കാൻ തയാറായാൽ എൽ.ഡി.എഫ് വഞ്ചിച്ചെന്ന് പറയാതെ നിവൃത്തിയില്ല. അതുമാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനത്തെ വഞ്ചിക്കുകകൂടി ചെയ്യുകയായിരുന്നുവെന്ന് നേതൃത്വം തിരിച്ചറിയണം. യു.ഡി.എഫ് ഭരണകാലത്ത് സി.പി.എം നേതാക്കള്‍ തന്നെ സമീപിച്ചതുപോലെ ഇപ്പോൾ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവർക്ക് സംരക്ഷണം നൽകാന്‍ തയാറായാൽ മതിയെന്നും ബിജു രമേശ് പറഞ്ഞു.
സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കാൻ അന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണി കോഴ വാങ്ങിയെന്ന ബിജു രമേശിെൻറ വെളിപ്പെടുത്തലായിരുന്നു ബാർ കോഴക്കേസിെൻറ ആധാരം. അതിെൻറ അടിസ്ഥാനത്തിലാണ് കെ.എം. മാണി മന്ത്രിസ്ഥാനം രാജിെവച്ചതും യു.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിച്ചതും. തുടർന്ന് ബാര്‍ കോഴക്കേസ് ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിൽ ആയുധമാക്കിയിരുന്നു. ഇപ്പോൾ ഇതുസംബന്ധിച്ച വിജിലൻസ് കേസ് അവസാനിപ്പിക്കുകയും ഇടത് നേതൃത്വം നൽകിയ ഉറപ്പ് ലംഘിച്ച് ടൂ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജു രമേശിെൻറ ഇൗ വെളിപ്പെടുത്തൽ. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് തെൻറ പക്കലുണ്ടായിരുന്ന തെളിവുകളൊക്കെ ഹാജരാക്കിയിട്ടുണ്ട്. ഇൗ കേസിൽ മൊഴി നല്‍കാൻ തയാറായ ബാറുടമകളിൽനിന്ന് വിജിലന്‍സ് മൊഴിയെടുക്കുന്നില്ല.
26 യു.ഡി.എഫ് എം.എൽ.എമാരുടെ അനധികൃത സ്വത്ത് സമ്പാദനത്തിെൻറ വിവരങ്ങള്‍ കൈവശമുണ്ടെന്നും ബിജു രമേശ് അവകാശപ്പെടുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽവന്നശേഷം ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചിരുന്നു. അതിൽ രണ്ട് ബാറുകൾ ബിജു രമേശിേൻറതുമാണ്. എല്ലാ ബാറും തുറക്കുമെന്ന വാഗ്ദാനത്തിൽനിന്ന് സർക്കാർ പിന്നാക്കം പോയതിൽ പ്രതിഷേധിച്ച് ഇൗ ബാറുകളും ബിജു രമേശ് പൂട്ടിയിട്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ ബിയർ, വൈൻ പാർലറുകൾ പ്രവർത്തിക്കുന്നുണ്ട്. കെ.എം. മാണിയുമായി ചങ്ങാത്തമുണ്ടാക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമം തുടരുന്നതിനിടെയും സി.പി.എം സംസ്ഥാന സമ്മേളനങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവെയുമാണ് പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്തെത്തിയിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.