തിരുവനന്തപുരം: നികുതി വിവാദം കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് വിൽപനയെ ബാധിച്ചിട്ടില്ലെന്ന് കെ.സി.എ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. ശബരിമല സീസൺ, സി.ബി.എസ്.ഇ പരീക്ഷ എന്നിവയാകാം ടിക്കറ്റ് വിൽപനയെ സ്വാധീനിച്ചത്. കൂടുതൽ മത്സരങ്ങൾ ലഭിക്കണമെങ്കിൽ ടിക്കറ്റ് വിൽപന സജീവമാകണമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
വെള്ളിയാഴ്ച രാത്രിവരെ ആറായിരത്തോളം ടിക്കറ്റുകൾ മാത്രമാണ് ഓൺലൈൻ വഴി വിറ്റഴിഞ്ഞത്. കോംപ്ലിമെന്ററി പാസുകൾ കൂട്ടിച്ചേർത്താൽപോലും 39,572 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ പകുതിപോലുമാകില്ല. അപ്പർ ടിക്കറ്റിന് 1000 രൂപയും ലോവറിന് 2000 രൂപയുമാണ് ഈടാക്കുന്നത്. വിദ്യാർഥികൾക്ക് 500 രൂപയാണ്. ഇതിൽ താഴ്ത്തി ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ലെന്നും പരമ്പരയിലെ ആദ്യ മത്സരങ്ങൾ നടന്ന ഗുവാഹതിയിലെയും കൊൽക്കത്തയിലെയും ടിക്കറ്റ് നിരക്കിനെക്കാൾ കുറവാണ് തിരുവനന്തപുരത്തേതെന്നും കെ.സി.എ സെക്രട്ടറി എസ്. വിനോദ് കുമാർ പറയുന്നു.
കഴിഞ്ഞ ടി20 മത്സരത്തിൽ ഉയർന്ന ടിക്കറ്റ് നിരക്കായിട്ടും സ്റ്റേഡിയം നിറഞ്ഞിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയതോടെ കാര്യവട്ടത്തെ മത്സരം അപ്രസക്തമായി. ഇതാണ് ഞായറാഴ്ചത്തെ മത്സരത്തിന് തിരിച്ചടിയായതെന്നാണ് കെ.സി.എയിലെ ഒരുവിഭാഗത്തിന്റെ വാദം.
കൂടാതെ ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന മത്സരം രാത്രി 10.30വരെ നീളും. ഇത്രയും സമയം സ്റ്റേഡിയത്തിൽ ചെലവഴിക്കാനുള്ള വിമുഖതയും ടിക്കറ്റ് വിൽപനയിൽ പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ, റണ്ണൊഴുകുമെന്ന മോഹന വാഗ്ദാനം കേട്ട് വൻതുക മുടക്കി കാര്യവട്ടത്തേക്ക് ടിക്കറ്റ് എടുക്കുന്നവർക്ക് അതിനുള്ള പ്രതിഫലം പിച്ചിൽനിന്ന് ലഭിക്കാത്തത് ഇത്തവണ തിരിച്ചടിയായിട്ടുണ്ടെന്നും ആരാധകരിൽ ഒരുവിഭാഗം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.