കണ്ണൂർ: തില്ലങ്കേരി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ബിനോയ് കുര്യനെ കണ്ണൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. ബിനോയ് കുര്യന് 16 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി എസ്.കെ. ആബിദ ടീച്ചർക്ക് ഏഴുവോട്ടും കിട്ടി. 24 അംഗ ജില്ല പഞ്ചായത്തിൽ 23 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ക്വാറൻറീനിൽ ആയതു കാരണം സി.പി.എമ്മിലെ തമ്പാൻ മാസ്റ്റർ തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. ജില്ല കലക്ടർ ടി.വി. സുഭാഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എൽ.ഡി.എഫിലെ ഇ. വിജയൻ മാസ്റ്ററാണ് ബിനോയ് കുര്യെൻറ പേര് നിർദേശിച്ചത്. വി.കെ. സുരേഷ് ബാബു പിന്താങ്ങി. എതിർ സ്ഥാനാർഥി യു.ഡി.എഫിലെ ആബിദ ടീച്ചറെ തോമസ് വെക്കത്താനം നിർദേശിക്കുകയും കെ. താഹിറ പിന്താങ്ങുകയും ചെയ്തു.
തില്ലങ്കേരി ഡിവിഷനിൽ നിന്ന് 6980 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സി.പി.എം യുവ നേതാവായ ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസ് (ജെ)യിലെ ലിന്‍റ ജെയിംസിനെയാണ് പരാജയപ്പെടുത്തിയത്.
ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻറായിരുന്ന ഇ. വിജയൻ മാസ്റ്റർ രാജിവെച്ച ഒഴിവിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.സി.പി.എം ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചാണ് ബിനോയ് കുര്യൻ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായിരുന്നു ഇദ്ദേഹത്തെ മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി ജോർജ് കുട്ടി ഇരുമ്പു കുഴിയുടെ മരണത്തെ തുടർന്ന് തില്ലങ്കേരി ഡിവിഷനിൽ ഡിസംബർ 16ന് തെരഞ്ഞെടുപ്പ് നടന്നില്ല. ഇതേതുടർന്നാണ് പന്ന്യന്നൂർ ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇ. വിജയൻ മാസ്റ്റർ വൈസ് പ്രസിഡൻറായത്. ജനുവരി 21ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ഈ വിജയൻ മാസ്റ്ററർ ബിനോയ് കുര്യനു വേണ്ടി വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെക്കുകയായിരുന്നു.
സി .പി.എം ജില്ല കമ്മിറ്റി അംഗമാണ് ബിനോയ് കുര്യൻ. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ്, സെക്രട്ടറി, സംസ്ഥാന കമ്മിറിറയംഗം, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ്, ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. . മണിക്കടവ് സ്വദേശിയാണ്. കുന്നേൽ കുര്യെൻറയും മേരിയുടെയും മകനാണ്. ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ബിൻസിയാണ് ഭാര്യ. വിദ്യാർഥികളായ ഡോൺ, ഡിയോൺ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.