ലീഗ് വർഗീയ പാർട്ടിയല്ല, ചാഞ്ചാട്ടവും പാളിപ്പോവലുമൊക്കെ അവർക്ക് പലപ്പോഴുമുണ്ടായിട്ടുണ്ട് -ബിനോയ് വിശ്വം

കോഴിക്കോട്: കമ്യൂണിസ്റ്റ് പാർട്ടി മുസ്‍ലിം ലീഗിനെ വർഗീയ പാർട്ടിയായി കാണുന്നില്ലെന്ന് സി.പി.ഐ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐയോ പി.എഫ്.ഐയോ പോലെയുള്ള പാർട്ടിയായി ലീഗിനെ കാണുന്നില്ല. ലീഗ് പൊതുവെ മതനിരപേക്ഷ മൂല്യങ്ങൾക്കൊപ്പം നിൽക്കാൻ താൽപര്യമെടുക്കുന്നുവെന്നാണ് അഭിപ്രായം.

ചാഞ്ചാട്ടവും പാളിപ്പോവലുമൊക്കെ അവർക്ക് പലപ്പോഴുമുണ്ടായിട്ടുണ്ട്. വർഗീയ സ്പർശമുള്ള നിലപാടിലേക്ക് പോവാൻ ചിലപ്പോൾ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ അടിസ്ഥാനപരമായി ലീഗ് വർഗീയ പാർട്ടിയാണെന്ന് സി.പി.ഐ ചിന്തിക്കുന്നില്ല.

ഒന്നാമത്തെ എതിരാളി ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മതനിരപേക്ഷ മൂല്യമുള്ളവരെ ഒന്നിപ്പിച്ച് കൊണ്ടുപോവുമ്പോൾ ലീഗിനെ അകറ്റി നിർത്താനാവില്ല. അതിനർഥം സഖ്യമുണ്ടാക്കുമെന്നല്ല. ലീഗ് ഇടതുമുന്നണിയിൽ വരുമെന്ന ചർച്ച അപക്വമാണ്.

ലീഗും കോൺഗ്രസും അത് തള്ളിക്കഴിഞ്ഞു. എന്നിട്ടും മാധ്യമങ്ങൾ അത് പറയുന്നത് വാർത്താദാരിദ്ര്യം കൊണ്ടായിരിക്കും. ഏക സിവിൽ കോഡ് ബിൽ ചർച്ചക്കെടുക്കരുതെന്ന് സി.പി.ഐ കൃത്യമായി കത്തെഴുതിക്കൊടുത്തിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Tags:    
News Summary - Binoy Viswam about Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.