തിരുവനന്തപുരം: നിർദേശമില്ലെങ്കിലും ബയോമെട്രിക് അപ്ഡേഷൻ നടത്തിയും ഫോട്ടോ തിരുത്തിയും ആധാർ വിവരങ്ങൾ പുതുക്കലിന്റെ പേരിൽ അമിത നിരക്ക് ഈടാക്കി ഒരു വിഭാഗം അക്ഷയ കേന്ദ്രങ്ങൾ. മുന്നറിയിപ്പ് നൽകിയിട്ടും തിരുത്താൻ കൂട്ടാക്കാതായതോടെ കർശന പരിശോധനക്കും നടപടിക്കുമൊരുങ്ങുകയാണ് അക്ഷയ ഡയറക്ടറേറ്റ്.
പത്ത് വർഷം കഴിഞ്ഞ ആധാർ വിവരങ്ങൾ പുതുക്കാനാണ് അധാർ അതോറിറ്റിയുടെയും അക്ഷയ ഡയറക്ടറേറ്റിന്റെയും നിർദേശം. ആധാറിലുള്ള പേരും വിലാസവും തെളിയിക്കുന്ന രണ്ട് രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. 50 രൂപയാണ് ഇതിന് നിശ്ചയിച്ച നിരക്ക്. എന്നാൽ, ഒരുവിഭാഗം കേന്ദ്രങ്ങൾ സ്വന്തം നിലക്ക് ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യിച്ചും ഫോട്ടോ മാറ്റിച്ചും കാർഡ് അടിപ്പിച്ചുമെല്ലാം കൂടുതൽ തുക ഈടാക്കുകയാണെന്നാണ് പരാതി. രേഖകൾ അപ്ഡേറ്റ് ചെയ്യാനെത്തുന്നവരെ അനുവാദമില്ലാതെ ബയോമെട്രിക് അപ്ഡേഷന് വിധേയമാക്കിയാൽ പിഴയും കർശന നടപടിയുമുണ്ടാകുമെന്നാണ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.
രേഖകൾ അപ്ഡേറ്റ് ചെയ്യാനെത്തുന്നവരോട് ബയോമെട്രിക് വിവരങ്ങൾ കൂടി അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയാണ് പലയിടങ്ങളിലെയും രീതി. ഒപ്പം ഫോട്ടോ കൂടി മാറ്റിയാണ് ഈ പ്രക്രിയ പൂർത്തിയാക്കേണ്ടതെന്ന് തെറ്റിദ്ധരിപ്പിക്കും. ഇതിനെല്ലാം ചേർത്ത് 100ഉം 200ഉം രൂപ ഫീസായി വാങ്ങും. അനുമതിയില്ലാതെ ആധാർ ലാമിനേഷൻ നടത്തിയും പി.വി.സി കാർഡ് പ്രിന്റ് ചെയ്ത് നൽകിയുമെല്ലാം പണം ഈടാക്കുന്നതായും പരാതിയുണ്ട്.
ആധാർ എടുത്ത് പത്ത് വർഷം പിന്നിട്ടവർക്കാണ് രേഖകൾ പുതുക്കേണ്ടതെങ്കിലും എല്ലാവരും നിർബന്ധമായും ചെയ്യേണ്ടതാണെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം. ഒരു വീട്ടിൽ തന്നെ നാലും അഞ്ചും പേർ രേഖകൾ ചേർക്കാൻ എത്തുന്നതോടെ ആധാർ അപ്ഡേഷന് അക്ഷയ കേന്ദ്രങ്ങളിൽ തിരക്കാണ്.
ആധാർ വിവരങ്ങൾ പുതുക്കലിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പല കേന്ദ്രങ്ങളും സ്വന്തമായി തീയതി പ്രഖ്യാപിക്കുന്ന പ്രവണതയുമുണ്ട്. ഇതോടെ സമയം കഴിയുമോ എന്ന ഭീതിയിൽ വലിയ തിരക്കാണ്. റേഷൻ വിതരണമടക്കം ആധാർ അധിഷ്ഠിതമാണെന്നതിനാൽ വിശേഷിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.