കൊച്ചി: ബിഷപ് ഫ്രാങ്കോ മുളക്കൽ പ്രതിയായ, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിധിയിൽ ഗുരുതര അട്ടിമറിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്. റിട്ട. അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ അഡ്വ. ജോസ് ജോസഫാണ് കത്തയച്ചത്.
2022 ജനുവരി 14നാണ് ബിഷപ് ഫ്രാങ്കോയെ കുറ്റമുക്തനാക്കി കോട്ടയം ജില്ല സെഷൻസ് കോടതി വിധിച്ചത്. 289 പേജുള്ള വിധി ഒരുവർഷം നീണ്ട പഠനങ്ങൾക്ക് വിധേയമാക്കിയപ്പോഴാണ് പ്രതിതന്നെയാണ് വിധി എഴുതി നൽകിയതെന്ന സംശയം ബലപ്പെടുന്നതെന്ന് അഡ്വ. ജോസ് ജോസഫ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വിചാരണയും കോടതി നടപടികളും സുഗമമായി നടക്കുകയും പ്രതി കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിക്കുകയും ചെയ്ത ശേഷമാണ് കേസിൽ അട്ടിമറി നടന്നത്. വിസ്താരം പൂർത്തിയായതിന് ശേഷവും കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ പ്രതിഭാഗത്തിന് കോടതി അനുവാദം നൽകിയതടക്കം ഇതിന് തെളിവാണ്.
പ്രതി കുറ്റം ചെയ്തുവെന്ന് പൂർണമായും തെളിഞ്ഞ സാഹചര്യത്തിലാണ് ഒറ്റവരി വിധിയിലൂടെ കോടതി വെറുതെവിട്ടത്. ഫെലിക്സ് ജെ. പുല്ലൂടൻ, അഡ്വ. ജോർജ് ജോസഫ്, സ്റ്റാൻലി പൗലോസ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.