ആലപ്പുഴ: പ്രധാനമന്ത്രിയുടെ വിരുന്ന് കഴിഞ്ഞ് മടങ്ങിയ ബിഷപ്പുമാർ ഗോൾവാൾക്കർ എഴുതിയ വിചാരധാര വായിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. ബിഷപ്പുമാര്‍ക്ക് വിരുന്നിന് പോകാനും രാഷ്ട്രീയ സംവാദത്തിൽ പങ്കെടുക്കാനും അവകാശമുണ്ട്. എന്നാല്‍, ക്രിസ്ത്യാനികൾ ഇന്ത്യയുടെ ആഭ്യന്തര വെല്ലുവിളിയാണെന്ന് പറഞ്ഞ വിചാരധാര വായിച്ചാൽ വിരുന്നിന് വിളിച്ചവർ ആരാണെന്ന് മനസ്സിലാകും.
ഒന്നാമതായി മുസ്ലിമും രണ്ടാമതായി ക്രിസ്ത്യാനിയും മൂന്നാമതായി കമ്യൂണിസ്റ്റുകാരനുമാണ് ആഭ്യന്തര വെല്ലുവിളി ഉയർത്തുന്നതെന്നാണ് വിചാരധാര പറയുന്നത്. ബി.ജെ.പിയുടെ ആത്മീയ ഗുരുവായ ഗോൾവാൾക്കറെ തള്ളിപ്പറയാത്തിടത്തോളംകാലം അക്കാര്യം അറിയാത്ത രീതിയിലാവരുത് ബിഷപ്പുമാർ പെരുമാറേണ്ടത്. മന്ത്രി സജി ചെറിയാന്‍റെ വിമർശനത്തിൽ തെറ്റില്ല. പക്ഷേ, ഭാഷ പ്രധാനമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തൃശൂരിലെത്തിയതിനു പകരം മോദി പോകേണ്ടിയിരുന്നത് മണിപ്പൂരിലാണ്. സ്ത്രീകൾ നഗ്നരായി തെരുവിലൂടെ നടത്തപ്പെട്ടപ്പോൾ ഒരുവാക്ക് പറയാൻ സാധിക്കാത്തതിൽ പ്രധാനമന്ത്രി അവരോട് മാപ്പ് പറയണം. സ്‌ത്രീകളുടെ മാനംകാക്കാൻ അറിയാത്ത മോദി വെറുമൊരു നാടകക്കാരനാണ്. ഹിറ്റ്ലർക്ക് പഠിക്കുന്നയാളാണദ്ദേഹം. ഗാരന്‍റി ആവർത്തിച്ചുപറയുന്നതെല്ലാം ഹിറ്റ്ലർ സ്റ്റൈലാണ്. താൻ താൻ താൻ എന്ന് പ്രയോഗിച്ചാണ് ഹിറ്റ്ലർ പൊതുവേദിയിൽ ജനങ്ങളെ ആകർഷിക്കാൻ ശ്രമിച്ചത്. നരേന്ദ്ര മോദിയും ആശയങ്ങളും ഹിറ്റ്ലറേറ്റ് ഫാഷിസത്തിന്‍റെ ഇന്ത്യൻ പ്രതീകമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.