ബി.ജെ.പിയും സി.പി.എമ്മും സ്വാതന്ത്ര്യസമരത്തെ ചോദ്യം ചെയ്തവര്‍ -കെ.സുധാകരന്‍

കേന്ദ്ര-സംസ്ഥാന ഭരണം കയ്യാളുന്ന ബി.ജെ.പിയും സി.പി.എമ്മും സ്വാതന്ത്ര്യസമരത്തെയും രാജ്യത്തിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്തവരാണെന്നും ഇരുവര്‍ക്കും ജനാധിപത്യത്തോട് ഒരു ബഹുമാനവുമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മോദി ഭരണത്തില്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശവകല്ലറയായി. പാര്‍ലമെന്റിലെ വെറും അതിഥിയായി പ്രധാനമന്ത്രി മാറിയെന്നും ഏകാധിപതികള്‍ ഭരണം കയ്യാളുമ്പോള്‍ ജനാധിപത്യം അപകടത്തിലാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണം കിട്ടിയ ശേഷമാണ് സി.പി.എമ്മും ബി.ജെ.പിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യ ദിനത്തെ കരിദിനമായി ആചരിച്ചവരാണ് സി.പി.എം. ബി.ജെ.പിക്ക് സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കാളിത്തവും സാന്നിധ്യവും ഇല്ല. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ അവകാശം കോണ്‍ഗ്രസിന് മാത്രം ആവകാശപ്പെട്ടതാണ്. വികസനം,വിദ്യാഭ്യാസം ശാസ്ത്രം ഉള്‍പ്പെടെ ഒന്നും ഇല്ലാതിരുന്ന ഇന്ത്യയെ പുരോഗതിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് കോണ്‍ഗ്രസാണെന്നും സുധാകരന്‍ പറഞ്ഞു.

ഭരണഘടന ഇന്ത്യയുടെ ഹൃദയ പുസ്തകം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഭരണഘടനയുടെ ആമുഖം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പ്രവര്‍ത്തകര്‍ക്ക് ചൊല്ലിക്കൊടുക്കുകയും ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് കെ.പി.സി.സി ആഹ്വാനം ചെയ്തത്.

കെ.പി.സി.സി ആസ്ഥാനത്ത് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച ശേഷം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശഭക്തി ഗാന സദസ്സില്‍ മുഖ്യാതിഥിയായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ പങ്കെടുത്തു. കെ.പി.സി.സി ആരംഭിക്കുന്ന ജയ്‌ഹോ റേഡിയോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ.സുധാകരന്‍ നിര്‍വഹിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്ക് ശേഷം വെള്ളയമ്പലത്ത് നിന്നും രാവിലെ സേവാദള്‍ വാളന്റിയര്‍മാരുടെ നേതൃത്വത്തില്‍ കെ.പി.സി.സിയിലേക്ക് സ്വാതന്ത്ര്യ പദയാത്രയും സംഘടിപ്പിച്ചു.

മുതിര്‍ന്ന നേതാവ് എ.കെ ആന്റണി, രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍,കെ.മുരളീധരന്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്‍.ശക്തന്‍, ജി.എസ് ബാബു,വി.പ്രതാപചന്ദ്രന്‍,ജി.സുബോധന്‍,പഴകുളം മധു,എം.എം നസ്സീര്‍,പാലോട് രവി,എം.എ വാഹിദ്, ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,വി.എസ്.ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്,പന്തളം സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - BJP and CPM questioned the freedom struggle - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.