മൂവാറ്റുപുഴ: നിർമല കോളജിലെ പ്രാർഥന മുറിയുമായി ബന്ധപ്പെട്ട വിഷയത്തെ വിവാദമാക്കി സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തുന്നവരെ തള്ളിപ്പറഞ്ഞ് സംഘടനകൾ. വസ്തുതകൾ മനസ്സിലാക്കി വിവാദം അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ, എം.എസ്.എഫ് വിദ്യാർഥി സംഘടനകളും സംയുക്ത മഹല്ല് സമിതിയും ആവശ്യപ്പെട്ടു.
കഴിഞ്ഞ 26ന് നാല് പെൺകുട്ടികൾ കോളജിലെ വിശ്രമമുറിയിൽ നമസ്കരിച്ചതാണ് വിവാദത്തിന്റെ തുടക്കം. ജീവനക്കാരിൽ ഒരാൾ ഇതിൽ എതിർപ്പ് അറിയിച്ചു. തുടർന്ന് വിദ്യാർഥിനികൾ പ്രിൻസിപ്പലിനെക്കണ്ട് നമസ്കാരത്തിന് മുറി ആവശ്യപ്പെട്ടു.
തനിക്ക് മാത്രമായി തീരുമാനം എടുക്കാനാവില്ലെന്നും ആവശ്യം എഴുതിനൽകിയാൽ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം അറിയിക്കാമെന്നും പ്രിൻസിപ്പൽ ഡോ. ഫ്രാൻസിസ് കണ്ണാടൻ പറഞ്ഞു. ഇതിനുപിന്നാലെ ഒരുസംഘം വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചു. ഇതെല്ലാം ചിലർ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടു.
വിവിധ വിദ്യാർഥി സംഘടനകളിലെ അംഗങ്ങളടക്കം സമരത്തിൽ പങ്കെടുത്തിരുന്നു. ഒടുവിൽ വിഷയം ചർച്ചചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിൽ വിദ്യാർഥികൾ പിരിഞ്ഞുപോയി. എന്നാൽ, തുടർന്ന് ചർച്ചയോ സമരമോ ഉണ്ടായില്ല.
ഇതിനിടെ പോർച്ചുഗലിൽനിന്ന് ‘എം.എസ്.എഫ് നിർമല പ്രയർ റൂം ഫോറം’ എന്ന പേരിൽ വ്യാജ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി പ്രത്യേക മതവിഭാഗത്തിലെ വിദ്യാർഥികളെ ചേർത്ത് വിദ്വേഷപ്രചാരണം ആരംഭിച്ചു. പിന്നാലെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വിഷയം ഏറ്റെടുത്ത് പോർവിളി നടത്തുകയും കോളജിനെതിരായ പ്രചാരണമായി അത് മാറുകയും ചെയ്തു.
സംഭവവുമായി പുലബന്ധം പോലും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ഒരുവിഭാഗത്തിനെതിരെ സ്പർധ വളർത്തുന്നതിനായിരുന്നു ശ്രമം. ഇത്തരം പ്രചാരണം ശക്തിപ്പെട്ടതോടെയാണ് മുഖ്യധാര പാർട്ടികളും സംഘടനകളും ആവശ്യത്തെയും സമരത്തെയും തള്ളിപ്പറഞ്ഞ് രംഗത്തുവന്നത്.
പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ എസ്.എഫ്.ഐ സമരം നടത്തിയെന്നത് വ്യാജപ്രചാരണമാണെന്ന് നേതൃത്വം വ്യക്തമാക്കി. കൃത്യമായ വർഗീയവിഭജന അജണ്ടയാണ് സംഭവത്തിന് പിന്നിലെന്നും കാമ്പസുകളെ വർഗീയ അജണ്ടക്ക് ഉപയോഗിക്കുന്ന ഗൂഢലക്ഷ്യക്കാരെ തുറന്നുകാട്ടുമെന്നും അവർ പറഞ്ഞു.
മൂവാറ്റുപുഴ: നിർമല കോളജിൽ നമസ്കാരസ്ഥലം ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സമരം അനിഷ്ടകരമെന്ന് സംയുക്ത മഹല്ല് പ്രതിനിധി സംഘം. കോളജ് മാനേജ്മെൻറ് അധികൃതരുമായി മഹല്ല് പ്രതിനിധികൾ ചർച്ച നടത്തി. അറിവില്ലായ്മ മൂലം കുട്ടികളും കൂടെക്കൂടിയവരും സൃഷ്ടിച്ച സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും അവർ അറിയിച്ചു.
മൂവാറ്റുപുഴ സെൻട്രൽ മഹല്ല് ചീഫ് ഇമാം ഷിഹാബുദ്ദീൻ ഫൈസി, പേട്ട മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഇമാം കാഞ്ഞാർ നിസാർ മൗലവി, ജമാഅത്ത് പ്രസിഡന്റുമാരായ പി.എം. അബ്ദുൽസലാം, കെ.എം. സെയ്തുമുഹമ്മദ് റാവുത്തർ, പൊതുപ്രവർത്തകൻ പി.എസ്.എ. ലത്തീഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കോളജിനു സമീപം സ്ത്രീകൾക്കുകൂടി നമസ്കാര സൗകര്യമുള്ള മസ്ജിദ് നിലവിലുള്ളപ്പോൾ ദുശ്ശാഠ്യം അംഗീകരിക്കുന്നില്ലെന്ന് അവർ പറഞ്ഞു. അവിടെ പോരായ്മകളുണ്ടെങ്കിൽ മഹല്ലുകൾ പരിഹാരം കാണും. മൂവാറ്റുപുഴയിൽ പരമ്പരാഗതമായി നിലനിൽക്കുന്ന മതസൗഹാർദാന്തക്ഷരീക്ഷത്തെ ബാധിക്കുന്ന ഒന്നും മുസ്ലിം സമൂഹം അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
കോളജ് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കണ്ണാടൻ, സ്വാശ്രയവിഭാഗം പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, ഫാ. വിൻസന്റ് നെടുങ്ങാട്ട്, ഫാ. ആന്റണി പുത്തൻകുളം, കോതമംഗലം രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഡോ. പയസ് മലേക്കണ്ടം, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് തലവന്മാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.