പാനൂർ: ബോംബു രാഷ്ട്രീയത്തിെൻറ വേദനിപ്പിക്കുന്ന ബാക്കിപത്രമായ ചെറുവാഞ്ചേരിയിലെ അസ്ന ഇനി വേദനിക്കുന്നവരുടെ മുറിവുണക്കാൻ പുതിയ കർമപഥത്തിലേക്ക്. ബോംബേറിൽ കാൽ നഷ്ടപ്പെട്ട അസ്ന കൃത്രിമക്കാലിൽ നടന്ന്, വിധിയോട് പൊരുതി പഠിച്ച് മെഡിക്കൽ ബിരുദം നേടിയ സന്തോഷത്തിലാണ് ചെറുവാഞ്ചേരിയിലെ സുമനസ്സുകൾ. 2000 സെപ്റ്റംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നു അസ്നയുടെ ജീവിതത്തിലെ കറുത്തദിനം. സഹോദരൻ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുേമ്പാൾ ആക്രമികൾ എറിഞ്ഞ ബോംബാണ് അഞ്ചു വയസ്സുകാരിയായിരുന്ന അസ്നയുടെ ഒരു കാൽ നഷ്ടപ്പെടുത്തിയത്. ബോംബേറിൽ ആനന്ദിനും അമ്മക്കും പരിക്കേറ്റിരുന്നു.
വീടിനുസമീപത്തെ പൂവത്തൂർ ന്യൂ എൽ.പി സ്കൂളിലെ പോളിങ് സ്റ്റേഷനിലുണ്ടായ അക്രമത്തിനിടെയാണ് ബി.ജെ.പി പ്രവർത്തകർ അസ്നയുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞത്. പരിക്കേറ്റ അസ്നയുടെ വലതുകാൽ പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. എന്നാൽ, വിധിയെന്ന് സഹതപിച്ചവരെ വെല്ലുവിളിച്ച പോരാട്ടമായിരുന്നു അസ്നക്ക് തുടർന്നുള്ള ജീവിതം. കൃത്രിമക്കാൽ ഘടിപ്പിച്ചായിരുന്നു പിന്നീടുള്ള ഓരോ കാൽവെപ്പും. എസ്.എസ്.എൽ.സിയും പ്ലസ് ടുവും മികച്ചനിലയിൽ വിജയിച്ച മിടുക്കിയായ അസ്ന എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടി.
ഇതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് കുടുംബത്തിന് വീട് നിർമിച്ചുനൽകി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം അസ്നക്ക് ഉപയോഗിക്കാൻ ലിഫ്റ്റ് ഉൾപ്പെടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക സൗകര്യവും ഏർപ്പാടാക്കി. കഴിഞ്ഞദിവസമാണ് ചെറുവാഞ്ചേരിയിലെ വീട്ടിൽ അസ്ന എം.ബി.ബി.എസ് പരീക്ഷയിൽ വിജയിച്ച വിവരമെത്തിയത്. ഇനി ഒരുവർഷത്തെ ഹൗസ് സർജൻസി കൂടി പൂർത്തിയാക്കിയാൽ ഡോക്ടർ പദവി ലഭിക്കും. 2013ലാണ് അസ്ന മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.
നാട് തനിക്ക് നൽകിയ നന്മകളൊക്കെയും തെൻറ ജീവിതംകൊണ്ട് തിരിച്ചുനൽകുമെന്ന് അസ്ന പറഞ്ഞു. ഏറെ സന്തോഷമുണ്ടെന്നും പരിക്കേറ്റ് ഏറക്കാലം ആശുപത്രിയിൽ കഴിയേണ്ടിവന്നകാലത്ത് മനസ്സിൽ ഉടലെടുത്ത ആഗ്രഹമാണ് ഡോക്ടറാവുകയെന്നതെന്നും അസ്ന പറഞ്ഞു. അസ്ന ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് തിരിച്ചുപോയി. ബോംബേറ് കേസിലെ 14 ബി.ജെ.പി പ്രതികളും ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിൽ അന്ന് ബി.ജെ.പി നേതാവായിരുന്ന എ. അശോകൻ ഒ.കെ. വാസുവിനൊപ്പം സി.പി.എമ്മിലെത്തി ഇപ്പോൾ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.