കോഴിക്കോട്: വോട്ടയാടുന്നെന്ന് ആരോപിച്ച് 3500 കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച കിറ്റെക്സിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിറ്റെക്സിനോട് സർക്കാർ കാണിക്കുന്നത് പ്രതികാര നടപടിയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
സി.പി.എമ്മിന് ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്ന നയം നടപ്പാക്കുന്നു. കിറ്റെക്സുമായി നയപരമായ അഭിപ്രായ വ്യത്യാസം എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കിറ്റെക്സ് തീരുമാനം അട്ടിമറിക്കാൻ സർക്കാറും സി.പി.എമ്മും ശ്രമിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറും എന്നറിയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. സി.പി.എമ്മിന്‍റെ ഇഷ്ടത്തിന് വഴങ്ങാത്തതാണ് നടപടിക്ക് കാരണമെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വോട്ടയാടുന്നെന്ന് ആരോപിച്ച് ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരുമായി കരാർ ഒപ്പിട്ട പദ്ധതികളിൽ നിന്നാണ് കിറ്റക്സ് പിന്മാറിയത്. 5,000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി കിറ്റക്സ് എം.ഡി സാബു ജേക്കബ് വ്യക്തമാക്കിയത്. ഒരു മാസത്തിനുള്ളിൽ 10 പരിശോധനകളാണ് കിഴക്കമ്പലത്തെ കമ്പനിയിൽ നടന്നത്. അതിന് ശേഷം ഇന്ന് രാവിലെയും പരിശോധന നടന്നു. കമ്പനിയെ മുന്നോട്ട് കൊണ്ട് പോകാൻ അനുവദിക്കുന്നില്ലെന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു.
സാബു ജേക്കബിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കിറ്റെക്സ് മാനേജ്മെന്‍റിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കി. കൂടാതെ, വ്യവസായം തുടങ്ങാന്‍ ഒട്ടനവധി ആനുകൂല്യങ്ങളും തമിഴ്നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പരിസ്ഥിതി പ്രശ്നങ്ങൾ മൂലം തമിഴ്നാട്ടിൽ അനുമതി നിഷേധിച്ച കമ്പനിയാണ് കിഴക്കമ്പലത്തേതെന്ന് എന്ന് പി.ടി. തോമസ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചിരുന്നു. കടപ്രയാർ നദി മലിനീകരിക്കപ്പെട്ടുവെന്നും കമ്പനിക്കെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങിയപ്പോഴാണ് 20-20 പാർട്ടിയുണ്ടാക്കി ഭരണം പിടിച്ചെടുത്തതെന്നും എം.എൽ.എ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.